ബാറുകള്‍ക്കും ക്ലബുകള്‍ക്കും സര്‍ക്കാര്‍ അധിക കൗണ്ടറുകള്‍ അനുവദിക്കും
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് ബാറുകള്‍ക്കും കബ്ലുകള്ക്കും അധിക കൗണ്ടറുകള്‍ അനുവദിക്കും. സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ ഉത്തരവ് പുറത്തിറങ്ങുന്നത്.
'സര്‍വിസ് ഡെസ്ക് 'എന്ന പേരിലാകും അധിക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ഉത്തരവ് പ്രകാരം ബാര്‍ റസ്റ്ററന്റുകളില്‍ പ്രതിവര്‍ഷം 25,000 രൂപ അടച്ചാല്‍ അധിക കൗണ്ടറുകള്‍ തുടങ്ങാന്‍ കഴിയും. ക്ലബുകളില്‍ അധികമായി ആരംഭിക്കുന്ന ഓരോ കൗണ്ടറിനും 50,000 രൂപയും, ക്ലബ് റൂമിന് പുറത്ത് കൗണ്ടര്‍ തുറക്കുന്നതിന് 30,000 രൂപയാണ് വാര്‍ഷിക ഫീസ്. റൂഫ്ടോപ്, നീന്തല്‍ക്കുളം എന്നിവിടങ്ങളില്‍ കൗണ്ടര്‍ തുടങ്ങുന്നതിന് 50,000 രൂപയും നല്‍കണം.
ഒരു ബാര്‍ ലൈസന്‍സില്‍ അധിക കൗണ്ടറുകള്‍ അനുവദിക്കുന്നത് ഒന്നിലേറെ ബാറുകള്‍ പ്രവര്‍ത്തിക്കുന്ന ഫലം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് വകുപ്പ് എതിര്‍പ്പ് ഉന്നയിച്ചത്. സര്‍ക്കാരിന് ബാറുടമകള്‍ നല്കിയ നിവേദനം പരിഗണിച്ചാണ് പുതിയ തീരുമാനം. നേരത്തേ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും സര്‍വിസ് ഡെസ്കുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ അന്ന് സൗജന്യമായിരുന്നത് ഇപ്പോള്‍ നിശ്ചിത ഫീസ് ഈടാക്കിയാണ് പ്രവര്‍ത്തനാനുമതി നല്‍കുന്നതെന്ന് നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം, പല ക്ലബുകളും സര്‍ക്കാരിന് കോടികളുടെ കുടിശ്ശിക വരുത്തിയിരിക്കെ പുതിയ സൗകര്യം കൂടി ഏര്പ്പെടുത്തിക്കൊടുക്കാനുള്ള നീക്കം വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."