മഞ്ഞപ്പിത്തം: തലക്കുളത്തൂര്‍ പി.എച്ച്.സിയില്‍ ഒ.പി വൈകിട്ട് ആറുവരെ
കോഴിക്കോട്: തലക്കുളത്തൂരില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രദേശത്ത് ബോധവല്‍ക്കരണം ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായി കൈകഴുകല്‍ പരിശീലിപ്പിക്കും. തലക്കുളത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഇന്നു മുതല്‍ ഒ.പി സമയം വൈകിട്ട് ആറുവരെ ദീര്‍ഘിപ്പിക്കുന്നതിനും ലബോറട്ടറി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കൂടുതലായി ഒരു ഡോക്ടറുടെയും ലാബ് ടെക്‌നീഷ്യന്റെയും സേവനം ഉറപ്പുവരുത്താനും തീരുമാനിച്ചു. സ്ഥലത്തെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ടാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നതിനാല്‍ ചടങ്ങില്‍ പങ്കെടുത്തവരുടെ വിലാസം ശേഖരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തലക്കുളത്തൂര്‍ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി പ്രജിത, ഡി.എം.ഒ ഡോ.വി. ജയശ്രീ, അഡീഷനല്‍ ഡി.എം.ഒ ഡോ. ആശാദേവി, ചെറൂപ്പ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്‍സു വിജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."