ലാബ് സാമ്പിളുകള്‍ പറന്നെത്തും
ആശുപത്രികള്‍ക്കിടയില്‍ ലാബ് ഷിപ്പ്‌മെന്റ്, അവയവം എത്തിക്കല്‍ എന്നീ പണികള്‍ ഏറെ ദുഷ്‌കരമാണല്ലോ. റോഡ് വഴിയാണെങ്കില്‍ കനത്ത സമയനഷ്ടവും ആകാശം വഴിയാണെങ്കില്‍ വലിയ ചെലവുമാണ്. ഇതിനൊരു പരിഹാരമായി ചെറിയ ഡ്രോണുകളില്‍ ഷിപ്പ്‌മെന്റ് നടത്താമെന്ന സംവിധാനത്തിലേക്ക് മാറുകയാണ് ആരോഗ്യലോകം. പുത്തന്‍ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് സ്വിറ്റ്‌സര്‍ലാന്റിലെ പോസ്റ്റല്‍ സേവന വിഭാഗമായ സ്വിസ് പോസ്റ്റാണ്.
ലുഗാനോ നഗരത്തിലെ ആശുപത്രികള്‍ക്കിടയില്‍ ലാബ് സാമ്പിളുകളും മറ്റും ഡ്രോണുകള്‍ ഉപയോഗിച്ച് എത്തിക്കുന്ന സംവിധാനം വൈകാതെ തുടങ്ങും. മാറ്റെര്‍നെറ്റ് എം2 എന്ന മോഡല്‍ ഡ്രോണിന്റെ പ്രാഥമിക പരീക്ഷണം കഴിഞ്ഞു. മണിക്കൂറില്‍ 26 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ ഡ്രോണുകള്‍ക്കാവുന്നുണ്ട്.
നിശ്ചിത സ്ഥാനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ഫ്രാറെഡ് ട്രാക്കറുകളുടെ സഹായത്തോടെ ഡ്രോള്‍ തന്നെ സ്വയം പുറപ്പെടുകയും ഇറങ്ങുകയും ചെയ്യും. ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയിലാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്.
ഒരു ബാറ്ററി കൊണ്ട് രണ്ടു കിലോ ചുമന്ന് 20 കിലോ മീറ്റര്‍ സഞ്ചരിക്കാനാവും ഈ ഡ്രോണുകള്‍ക്ക്. കെട്ടിടങ്ങളെയും മരങ്ങളെയും മറ്റു തടസ്സങ്ങളെയും സെന്‍സറിലൂടെ അറിഞ്ഞായിരിക്കും ലക്ഷ്യസ്ഥാനത്തേക്ക് പറക്കുക.
70 ഡ്രോണുകളെ വച്ചാണ് സ്വിസ് പോസ്റ്റ് ഇപ്പോള്‍ സേവനം ആരംഭിച്ചിരിക്കുന്നത്. സംഭവം തുടങ്ങിയിരിക്കുന്നത് സ്വിറ്റ്‌സര്‍ലാന്റിലാണെങ്കിലും വൈകാതെ നമുക്കിടയിലും എത്തുമെന്നു പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."