കാടിന്റെ കാഴ്ച്ചകളൊരുക്കി പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍
പുതുക്കാട്: യാത്രക്കാര്‍ക്ക് പുതുമയുള്ള കാടിന്റെ കാഴ്ചകള്‍ സമ്മാനിക്കുകയാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍.
സ്റ്റേഷനിലെ വിശ്രമമുറിയിലും ചുമരിലുമായി പുറത്തേക്കു ചാടാന്‍ തയാറായുള്ള ഡിനോസര്‍, ടിക്കറ്റ് കൗണ്ടറിന്റെ ചുമരില്‍ പുലിയുടേയും മാനിന്റെയും ചിത്രങ്ങള്‍, ഓട്ടു കമ്പനികളുടെ നാടായി അറിയുന്ന പുതുക്കാടിന്റെ ഓര്‍മക്കായി ഓട്ട് കമ്പനിയുടെ ചിത്രം അങ്ങനെ ഒട്ടനവധി കാഴ്ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കാം പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍. സ്റ്റേഷനില്‍ സ്റ്റോപ്പുള്ള കണ്ണൂര്‍, കാസര്‍കോട് ഭാഗത്തേക്കുള്ള പരശുറാം, എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്കായി തെയ്യത്തിന്റെ ചിത്രവും വരച്ചിട്ടുണ്ട്. ത്രിമാനചിത്രങ്ങള്‍ കൊണ്ട് യാത്രക്കാരുടെ മനം കവരുകയാണ് പുതുക്കാട് സ്റ്റേഷന്‍. പുതുമ നിറഞ്ഞ രീതിയിലാണ് സ്റ്റേഷനിലെ കോച്ച് പൊസിഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ആനയുടെ ആകൃതിയിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് പ്ലാറ്റ്‌ഫോമുകളും ഉയര്‍ത്തി നവീകരിച്ചു. കൂടുതല്‍ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു ഭാഗത്ത് സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കാലങ്ങളായുള്ള ചില ആവശ്യങ്ങള്‍ ഇപ്പോഴും വിദൂരമാണ്.
ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിന് പുതുക്കാട് സ്റ്റോപ്പ് അനുവദിക്കുക എന്നതാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട ആവശ്യം. രണ്ട് പ്ലാറ്റ്‌ഫോമുകളേയും യോജിപ്പിച്ച് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വേണമെന്നും ആവശ്യം ഉണ്ട്. പ്ലാറ്റ്‌ഫോം ഉയര്‍ത്തിയതോടെ പാളങ്ങള്‍ മുറിച്ച് കടക്കുന്നത് അപകടകരമാണ്. സ്റ്റേഷനില്‍ റിസര്‍വേഷന്‍ ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മലയോര മേഖലകളെയും ചേര്‍പ്പ്, പറപ്പൂക്കര പ്രദേശങ്ങള്‍ക്കും ആശ്രയ കേന്ദ്രമായ പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ ഇ ക്ലാസില്‍നിന്ന് ഡി ക്ലാസിലേക്ക് ഉയര്‍ത്തണമെന്നാണ് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സി.എന്‍ ജയദേവന്‍ എം.പി, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എന്നിവര്‍ക്ക് പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."