നിരീക്ഷണ കാമറകള്‍ നിര്‍ജീവം; പട്ടാപ്പകല്‍ വാഹനമോഷണം പെരുകുന്നു
കാഞ്ഞങ്ങാട്: നഗരത്തില്‍ ഇരുചക്രവാഹന മോഷണം പതിവായി. രണ്ടാഴ്ചക്കുള്ളില്‍ മൂന്നുവാഹനങ്ങള്‍ പട്ടാപ്പകല്‍ മോഷണം പോയി. ഇന്നലെ ഉച്ചക്ക് കോട്ടച്ചേരി ജോളിബേക്കറിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന അതിയാമ്പൂരിലെ ഗണപതി ഷേണായിയുടെ കെ.എല്‍ 60 ജെ 8670 നമ്പര്‍ സ്‌കൂട്ടി മോഷണം പോവുകയായിരുന്നു. സെല്‍ഫ് ഗ്രോനിധിയിലെ ജീവനക്കാരനായ ഗണപതി ഷേണായി സ്‌കൂട്ടി ബേക്കറിക്കുമുന്നില്‍ നിര്‍ത്തിയിട്ട് സെല്‍ഫ് ഗ്രോനിധി ഓഫിസില്‍ പോയി പത്തുമിനിറ്റിനുള്ളില്‍ തിരിച്ചു വരുമ്പോഴേക്കും സ്‌കൂട്ടി കാണാതാവുകയായിരുന്നു.
രണ്ടുദിവസം മുന്‍പ് റെയില്‍വേ സ്റ്റേഷനുസമീപത്തെ പള്ളിക്കുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കിഴക്കുംകരയിലെ ഗണേഷന്റെ കെ.എല്‍ 60 എ 1730 നമ്പര്‍ ബൈക്കും മോഷണം പോയിരുന്നു. രാവിലെ ഭാര്യയെയും കൂട്ടി മംഗളൂരുവിലെ ആശുപത്രിയില്‍ പോയി വൈകിട്ട് തിരിച്ചുവന്നപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. തൊട്ടടുത്ത ദിവസം നഗരത്തിലെ മദര്‍ഇന്ത്യ ടെക്സ്‌റ്റൈല്‍സ് ഉടമ ഷിജുവിന്റെ ആക്ടീവയും മോഷണം പോയിരുന്നു. കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടീവയാണ് മോഷണം പോയത്.
പിന്നീട് ഇതേ ആക്ടീവ തൊട്ടടുത്ത പള്ളിക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നഗരത്തിലെ മോഷണത്തിന് തുമ്പുണ്ടാക്കാനും മറ്റ് അസാന്മാര്‍ഗിക നടപടികള്‍ തടയാനും മടിയന്‍ ജങ്ഷന്‍ മുതല്‍ കുശാല്‍ നഗര്‍, കാഞ്ഞങ്ങാട് സൗത്ത്‌വരെ 32 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാം നിര്‍ജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."