തളിപ്പറമ്പില്‍ റോഡ് വികസനത്തിന് 10 കോടി; പശ്ചാത്തല വികസനത്തിന് മുന്‍ഗണന നല്‍കി നഗരസഭാ ബജറ്റ്
തളിപ്പറമ്പ്: പശ്ചാത്തല മേഖലക്ക് മുന്‍തൂക്കം നല്‍കി തളിപ്പറമ്പ് നഗരസഭ 2019-20 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.
നഗരസഭാ ചെയര്‍മാന്‍ അളളാംകുളം മഹമ്മൂദിന്റെ അധ്യക്ഷതയില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ വല്‍സല പ്രഭാകരനാണ് ബജറ്റ് അവതരിപ്പിച്ചത്.
റോഡ് വികസനത്തിന് 10 കോടി, പി.എം.എ.വൈ ഭവനരഹിതര്‍ക്ക് ഗൃഹനിര്‍മ്മാണത്തിന് 6 കോടി, കോര്‍ട്ട് റോഡ് നവീകരണത്തിന് ഒരു കോടി, പൂക്കോത്ത് നട - തൃച്ചംബരം അമ്പലം റോഡിന് 60 ലക്ഷം, കാക്കത്തോട് ഡ്രൈനേജിന് ഒരു കോടി, കാക്കത്തോട് മലയോര ബസ്റ്റാന്റ് നിര്‍മാണത്തിന് 50 ലക്ഷം, തെരുവുവിളക്കുകള്‍ക്ക് ലൈന്‍ വലിക്കാന്‍ 34 ലക്ഷം,താലൂക്ക് ആശുപത്രിയില്‍ ഒ.പി. ടോക്കണ്‍ സിസ്റ്റത്തിന് 40 ലക്ഷം, ഡയാലിസിസ് യൂണിറ്റ് നവീകരണത്തിന് 16 ലക്ഷം, കൂവോട് താലൂക്ക് ആശുപത്രിയില്‍ മരുന്ന് സൂക്ഷിക്കാനുള്ള കെട്ടിടത്തിന് 10 ലക്ഷം, വയോമിത്രം പദ്ധതിക്ക് 10 ലക്ഷം, വിഷ രഹിത ഇഞ്ചി കൃഷി വ്യാപനത്തിന് 9 ലക്ഷം, വൃദ്ധജനങ്ങളുടെ പെയിന്‍ ആന്റ് പാലിയേറ്റീവിന് 7 ലക്ഷം, ജി.പി.എസ് മാപ്പിങ്ങിന് 45 ലക്ഷം, ഫിലമെന്റ് രഹിത നഗരസഭക്ക് 25 ലക്ഷം, ഫ്രണ്ട് ഓഫീസ് നവീകരണത്തിന് 15 ലക്ഷം, റഫറന്‍സ് ലൈബ്രറിക്ക് 15 ലക്ഷം, മഹാത്മാഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ 5 ലക്ഷം,
ജി.എം യു.പി സ്‌കൂളിന് 10 ലക്ഷം, കീഴാറ്റൂര്‍ ജി എല്‍ പി സ്‌കൂളിന് 5 ലക്ഷം, വാദ്യസംഘം രൂപീകരിക്കാന്‍ 3 ലക്ഷം എന്നിവയാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. 2019-20 വര്‍ഷത്തെ മതിപ്പ് ബജറ്റില്‍ പ്രാരംഭ മുന്നിരിപ്പ് ഉള്‍പ്പെടെ 592003000 രൂപ വരവും 447159000 രൂപയുടെ ചെലവും 144844000 രൂപ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷകളോ ദീര്‍ഘവീക്ഷണമോയില്ലാത്തതാണ് ബജറ്റാണ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
തളിപ്പറമ്പിന്റെതെന്ന് അഭിമാനപൂര്‍വ്വം എടുത്തുകാട്ടാവുന്ന തരത്തിലുള്ള ഒരു പദ്ധതിയും പുതിയ ബജറ്റിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചില്ല. പലതും പഴയതിന്റെ പുനര്‍ പ്രഖ്യാപനം മാത്രമാണ്.
അപര്യാപ്തമായ തുകയാണ് പദ്ധതികള്‍ക്ക് നീക്കിവച്ചത്.തളിപ്പറമ്പ് നഗരത്തിലെ ട്രാഫിക്ക് പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശമില്ലെന്നും കാലോചിതമായ മാറ്റം പദ്ധതി തിരുമാനിക്കുന്നതിലും വിഹിതം നിശ്ചയിക്കുന്നതിലും ആവശ്യമാണെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
വളരെയേറെ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റെന്ന് ബി.ജെ.പി അംഗം കെ.വല്‍സരാജന്‍ അഭിപ്രായപ്പെട്ടു.
എല്ലാ മേഖലക്കും തുല്ല്യ പ്രാധാന്യം നല്‍കുന്നതും നഗരസഭയിലെ എല്ലാ വാര്‍ഡുകള്‍ക്കും തുല്ല്യപ്രാധാന്യം നല്‍കിയുമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് മറുപടി പ്രസംഗത്തില്‍ ചെയര്‍മാന്‍ അളളാംകുളം മഹമ്മൂദ് സൂചിപ്പിച്ചു.
പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങള്‍ക്കും ഉളള മറുപടി ഈ ബജറ്റിലെ പദ്ധതികള്‍ നടപ്പിലാകുന്നതോടെ ലഭിക്കും.
പൊതുജനങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ എടുത്തു പറയാവുന്ന പദ്ധതികാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു. കെ.മുരളീധരന്‍, പി.മുഹമ്മദ് ഇഖ്ബാല്‍, പി.കെ.സുബൈര്‍, രജനി രമാനന്ദ്, എം.ചന്ദ്രന്‍,ടി.പ്രകാശന്‍, കെ.ഷൈമ, കെ.വല്‍സരാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."