മടക്കയാത്ര
എല്ലാവരും എത്തിയിട്ടില്ല. ഒരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു. ''തന്നെ കാണാന്‍ വരികയാണ്. അത് നന്നായി. വര്‍ഷങ്ങളെത്രയായി കണ്ടിട്ട്. ഇവരെയൊക്കെ എവിടെ ഒന്നിരുത്തുക? വീട്ടില്‍ വന്നിട്ട് ഇരിക്കാനിടമില്ലാന്ന് പറഞ്ഞാല്‍ മോശല്ലേ?'
കാര്യം വലിയ വീടും സൗകര്യവുമൊക്കെയുണ്ട്. എന്നിട്ടും ആള്‍ക്കാര്‍ക്കൊന്നും ഇരിക്കാന്‍പോലും സ്ഥലമില്ലാതായിരിക്കുന്നു. മക്കളും പേരക്കുട്ട്യാളുമൊക്കെ എവിടെപ്പോയി? വരുന്നവരെയൊക്കെ ഒന്നിരുത്താനോ, കുടിക്കാനെന്തെങ്കിലും കൊടുക്കാനോ ഒന്നും നോക്കാതെ ഇവരെന്തെടുക്കുകയാ?
അല്ലെങ്കിലും ആളുകളോടെങ്ങനെ പെരുമാറണമെന്നവര്‍ക്കറിയില്ല. ബന്ധങ്ങളുടെ വിലയും അറിയില്ല. എത്ര കഷ്ടപ്പെട്ടാ ഇവരെയൊക്കെ വളര്‍ത്തിയെടുത്തത്. അഛന്‍ മരിച്ചതിന്റെ ഒരു വിഷമവും അറിയിച്ചിട്ടില്ല. ഇപ്പോ തോന്ന്വാ അതൊക്കെ അറിയിച്ചു തന്നെ വളര്‍ത്താമായിരുന്നൂന്ന്. എന്നാലേ കഷ്ടപാടിന്റെയും സ്‌നേഹത്തിന്റെയും വിലയറിയൂ.
വര്‍ഷങ്ങളെത്രയായി തന്നെ വൃദ്ധസദനത്തിലാക്കിയിട്ട്. വീടൊന്ന് നന്നാക്കുവോളം അമ്മ ഇവിടെ നില്‍ക്കൂ' എന്ന് പറഞ്ഞ് അവര്‍ രണ്ടുപേരും കാറില്‍ കയറി പോയതോര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണുനിറയുന്നു. എന്നിട്ട് ഇന്നാണ് തന്നെയിങ്ങോട്ട് കൊണ്ടുവന്നത്.
പേരക്കുട്ടികളെ ഒന്നു നന്നായി കൊഞ്ചിക്കാന്‍ പോലും പറ്റിയില്ല. എന്തിന്റെ പേരിലാണാവോ തന്നെയിവിടെ കൊണ്ടുവന്നിട്ടത്. എന്തായാലും ഇവരേക്കാളും നന്നായി സ്‌നേഹിക്കാനറിയാം ഇവിടുള്ളോര്‍ക്ക്. കൂട്ടിന് തന്നെപ്പോലെയുള്ള മുത്തശ്ശിമാരും മുത്തഛന്മാരുമൊക്കെയുണ്ട്. എന്നാലും അവരുടെയൊന്നും മുഖത്ത് സന്തോഷമുണ്ടാവാറില്ല. എങ്ങനെയുണ്ടാവും? സ്വന്തം മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ കഴിയുന്ന സന്തോഷം വേറെവിടെ കിട്ടും? കുഞ്ഞുമക്കളുടെ കുസൃതികളും കൊഞ്ചലുകളുമൊക്കെ ആസ്വദിക്കാനുള്ള അവകാശം തങ്ങള്‍ക്കുമില്ലേ?
'വീടുപണിയൊക്കെ നടക്കുമ്പോള്‍ തന്നെ ബുദ്ധിമുട്ടിക്കണ്ടാണ് കരുതി നിര്‍ത്തിയതാവാം ഇവിടെ' എന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നത്. അന്നൊക്കെ ദിവസവും ഫോണ്‍വിളിയുണ്ടായിരുന്നു.
ആഴ്ചയിലൊരിക്കല്‍ എല്ലാരുംകൂടി വരുമായിരുന്നു.' പണി നടന്നോണ്ടിരിക്ക്യാ അമ്മേ,' എന്ന് കേള്‍ക്കുമ്പോള്‍ ഒരാശ്വാസമുണ്ടായിരുന്നു. കൂടെയുള്ളവരോടൊക്കെ എത്ര സന്തോഷത്തിലാ പറഞ്ഞിരുന്നത്. പണി കഴിഞ്ഞാലെന്നെ കൊണ്ടുപോവാനവര്‍ വരും. അപ്പോ നിങ്ങളെല്ലാവരും വരണം. എന്റെ വീട്ടിലേക്ക്. വീടും കാണാം. സദ്യയും കഴിക്കാമല്ലോ.
ദിവസങ്ങള്‍ ആഴ്ചകള്‍ക്കും, ആഴ്ചകള്‍ മാസങ്ങള്‍ക്കും, മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും വഴിമാറിക്കൊടുത്തപ്പോള്‍ തന്റെയുള്ളില്‍ വല്ലാത്തൊരു വിങ്ങല്‍ അനുഭവപ്പെട്ടിരുന്നു. ആശ്വാസം ചുടുനിശ്വാസങ്ങള്‍ക്ക് വഴിമാറുന്നതായും അറിഞ്ഞു. കൂടെയുള്ളവരുടെ കണ്ണുകളില്‍ സഹതാപം നിറഞ്ഞപ്പോള്‍ സഹിക്കാനായില്ല.
പിന്നൊരിക്കല്‍ മകന്‍ വന്നപ്പോള്‍ താനവന്റെ കൈയില്‍ പിടിച്ചു ചോദിച്ചു: ''മോനേ, നീയെന്താ എന്നെയിവിടുന്ന് കൊണ്ടുപോവാത്തത്? ഇവരൊക്കെ പറയുന്നു എന്നെയിനി കൊണ്ടുപോവൂലാന്ന്. നേരാണോ?'' അവനൊന്നും മിണ്ടിയില്ല. എന്റെ കണ്ണുകളിലേക്ക് നോക്കിയതുമില്ല. കൈകള്‍ വിടുവിച്ച് വേഗത്തില്‍ നടന്നകന്നു. കുറേനേരം അവന്റെ പിറകെ നടന്നെങ്കിലും അവന് തന്നേക്കാള്‍
സ്പീഡുണ്ടായിരുന്നു.
നിറഞ്ഞ കണ്ണുകളുമായി സദനത്തിന്റെ വരാന്തയിലിരുന്നപ്പോള്‍ അറിയാതെ അവന്റെ കുട്ടിക്കാലം ഓര്‍മവന്നു. താനെങ്ങോട്ടേലും പോവാനിറങ്ങ്വാന്ന് കണ്ടാല്‍ പിന്നെ വിടില്ല. കരഞ്ഞുകൊണ്ട് പുറകെനടക്കും. അവനെയും എടുത്തുകൊണ്ട് ജോലിക്കും ടൗണിലേക്കുമൊക്കെ പോവുന്നത് കാണുമ്പോള്‍ പരിചയക്കാര്‍ക്കൊരു പറച്ചിലായിരുന്നു. താനതൊന്നും കാര്യമാക്കിയിരുന്നില്ല. അവന്റഛന്‍ നേരത്തെ മരിച്ചിട്ടും മറ്റൊരു വിവാഹത്തിന് തയാറാവാതിരുന്നതും അവനെയോര്‍ത്താ.
എത്ര കഷ്്ടപ്പെട്ടാണെങ്കിലും നന്നായി പഠിപ്പിച്ചു ചോദിച്ചതെല്ലാം വാങ്ങിക്കൊടുത്തു. ഇഷ്ടപ്പെട്ട പെണ്ണിനെയും വിവാഹം ചെയ്തുകൊടുത്തു. അവസാനം രണ്ടാളും കൂടി തന്നെ ഇവിടെ കൊണ്ടുവന്നിടുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിയുംതോറും മനസിന് ഭാരമേറിക്കൊണ്ടിരുന്നു. ശരീരവും തളര്‍ന്നു. ഡോക്ടറും മരുന്നും ദിനചര്യകളുടെ ഭാഗമായി.
പേരക്കുട്ടികളെയൊന്ന് കാണാന്‍ വല്ലാതെ കൊതിയാവുമ്പോള്‍ സ്റ്റാഫിനെക്കൊണ്ട് വിളിപ്പിക്കും. ഓരോ
പ്രാവശ്യവും പരീക്ഷ, ട്യൂഷന്‍... അങ്ങനെ ഓരോ കാരണങ്ങള്‍. തന്നെ നോക്കിയിരുന്ന നഴ്‌സ് സ്‌നേഹമുള്ളവളാണ്. അവളൊരുപാട് പ്രാവശ്യം വീട്ടിലേക്ക് വിളിച്ചുതന്നിട്ടുണ്ട്. ഒരു ദിവസം വിളിച്ചപ്പോള്‍ മറുതലക്കല്‍നിന്ന് ഗൗരവമുള്ള ശബ്ദം കേട്ടു. '' ഈ അമ്മക്കെന്തിന്റെ കുറവാ അവിടുള്ളത്? നോക്കാനാളുമുണ്ട്. എന്നാലും മനുഷ്യന് ഒരു സ്വസ്ഥത തരില്ല.'' പിന്നീട് വിളിച്ചിട്ടില്ല.. താനായിട്ട് ആരുടെയും സ്വസ്ഥത കെടുത്തുന്നില്ല.
ഫോണ്‍ വച്ച് തിരിഞ്ഞപ്പോള്‍ വല്ലാത്ത ക്ഷീണം. വേഗം കട്ടിലില്‍ കിടന്നു. കണ്ണടച്ചു. ഭാരം കുറയുന്നപോലെ. നഴ്‌സുമാരുടെയും ഡോക്ടറുടെയും ശബ്ദംകേട്ടു. എന്തൊക്കെയോ സംഭവിക്കുന്നുണ്ടോ ആവോ!
ഹേയ് മകന്റെ ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ. അവന്‍ വന്നോ? എന്താ അവന്‍ പറയുന്നത്?
''സര്‍, ബോഡി വീട്ടിലേക്ക് കൊണ്ടു
പോകട്ടെ. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു വീട്ടുമുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഉറങ്ങണംന്ന്. അച്ഛനും അവിടെയാ.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."