നവീകരിച്ച ഖാദി ഗ്രാമോദ്യോഗ് എംപോറിയം ഉദ്ഘാടനം അഞ്ചിന്
കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം ഉദ്ഘാടനം അഞ്ചിന് രാവിലെ 10.30ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
കോട്ടണ്‍ ഖാദി തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, തുകല്‍ വസ്തുക്കള്‍ എന്നിവയ്ക്കായി 17000 ചതുരശ്ര അടിയില്‍ നാലു നിലകളുള്ള ആധുനിക കെട്ടിടമാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. കോട്ടണ്‍ ഖാദി തുണിത്തരങ്ങള്‍, കുടില്‍ വ്യവസായ ഗ്രാമീണ ഉല്‍പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് ഒന്നാമത്തെ നിലയില്‍ സജ്ജീകരിച്ചിട്ടുള്ള ഖാദി ഗ്രാമ വ്യവസായ കൗണ്ടറുകളില്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തിന് അകത്തും പുറത്തും നിര്‍മിച്ച വിവിധതരം കരകൗശല വസ്തുക്കളാണ് രണ്ടാം നിലയിലുള്ളത്. ചന്ദനത്തടയില്‍ തീര്‍ത്ത ദേവ ശില്‍പങ്ങള്‍, കോലാപ്പുരി ചെരുപ്പുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയും ഇവിടെയുണ്ട്. 70 രൂപ മുതല്‍ നാലു ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ ഇവിടെ ലഭ്യമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നെയ്‌തെടുത്ത ഖാദി സില്‍ക്ക് സാരികളുടെ ശേഖരമാണ് അടുത്ത നിലയില്‍ ഒരുക്കിയിട്ടുള്ളത്. 3000 ചതുരശ്ര അടിയില്‍ അഞ്ചു വ്യത്യസ്ത കൗണ്ടറുകളിലായാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. കൗണ്ടറിനോട് അനുബന്ധമായി വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലേക്ക് കാഴ്ച ഒരുക്കിയ ഹണീ പാര്‍ലറും നിര്‍മിച്ചിട്ടുണ്ട്. മര ചൂരല്‍ ഫര്‍ണിച്ചറുകള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി കുടില്‍ വ്യവസായങ്ങളുടെ ഭംഗി വിളിച്ചോതുന്നവയാണ് മൂന്നാമത്തെ നിലയിലുള്ളത്. വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് വഴി വാഹനങ്ങള്‍ക്ക് എംപോറിയം അങ്കണത്തിലേക്ക് പ്രവേശന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ആദ്യ വില്‍പന എം.കെ രാഘവന്‍ എം.പിയും സില്‍ക്ക് ഗ്രാമവ്യവസായ കൗണ്ടറുകളുടെ ഉദ്ഘാടനം ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജും നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനാകും. ഖാദി ഗ്രാമ വ്യവസായ കമ്മിഷന്‍ ഡയരക്ടര്‍ കെ.പി ലളിതാമണി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എംപോറിയം മാനേജര്‍ കെ.ജി ജയകൃഷ്ണന്‍, സര്‍വേദയ സംഘം സെക്രട്ടറി എം. പരമേശ്വരന്‍, വി. മോഹന്‍ദാസ്, പി. വിശ്വന്‍, കെ.കെ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."