ടി.പി രക്തസാക്ഷിത്വ വാര്‍ഷികം: കൊലക്കേസ് പ്രതിയെ പ്രോത്സാഹിപ്പിച്ച് ഡി.വൈ.എഫ്.ഐ
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ കൊലയാളി സംഘാംഗത്തെ പ്രോത്സാഹിപ്പിച്ച് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ പെരിങ്ങത്തൂര്‍ മേഖലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ലോക്ക് ഡൗണ്‍ കാലത്ത് സംഘടിപ്പിച്ച 'അച്ഛനോടൊപ്പം' ഫോട്ടോ മത്സരത്തില്‍ മുഹമ്മദ് ഷാഫി പിതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രത്തിന് കീഴില്‍ ടി.പി ചന്ദ്രശേഖരനും മകനും നില്‍ക്കുന്ന ഫോട്ടോ കമന്റായി ഇട്ട് ഒരുവിഭാഗം പാര്‍ട്ടി അനുഭാവികള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ ഷാഫിയുടെ ഫോട്ടോ പിന്‍വലിക്കാന്‍ സംഘടന നിര്‍ബന്ധിതരായി.
ആശയങ്ങളെ ആയുധങ്ങള്‍കൊണ്ട് നേരിടുന്നവരെ പേജിലൂടെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഏറെയും. തുടര്‍ന്നാണ് പേജില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചത്.
മത്സരത്തില്‍ രണ്ടാമത്തെ എന്‍ട്രിയായാണ് ഷാഫിയുടെയും പിതാവിന്റെയും ഫോട്ടോ പേജിലെത്തിയത്. മുഹമ്മദ് ഷാഫി ജയില്‍ശിക്ഷയനുഭവിച്ച് വരുന്നതിനിടെയാണ് സോഷ്യല്‍മീഡിയയില്‍ ഫോട്ടോ വന്നത്. 2012 മെയ് നാലിന് രാത്രി 10നാണ് ടി.പി ചന്ദ്രശേഖരനെ വടകരക്കടുത്ത് വള്ളിക്കാട് വച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരായിരുന്നു പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."