കൊവിഡ്-19: വാക്‌സിൻ നിർമ്മാണത്തിനും പരീക്ഷണത്തിനും ഒത്തു ചേർന്ന് ലോക നേതാക്കൾ, എട്ടു ബില്യൺ ഡോളറിലധികം ആവശ്യം
റിയാദ്: കൊവിഡ്-19 വാക്‌സിൻ നിർമ്മാണത്തിനും ഗവേഷണത്തിനും വിതരണത്തിനും എട്ടു ബില്യൺ ഡോളർ കണ്ടെത്താൻ തീരുമാനം. വിവിധ ലോക രാജ്യങ്ങളിലെ നേതാക്കൾക്കിടയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ജി 20 സഖ്യത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന സഊദി അറേബ്യയുടെയും യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, നോർവെ സഹ-നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജപ്പാൻ, കാനഡ, സൗത്ത് ആഫ്രിക്ക തുടങ്ങി നാൽപതോളം രാജ്യങ്ങളും സാമ്പത്തികമായി സഹായിക്കാൻ കഴിയുന്ന വ്യക്തികളുമാണ് കൊവിഡ്-19 നെതിരെ പോരാടാനായുള്ള തീരുമാനത്തിൽ പങ്കു കൊള്ളാനുള്ള സംയുക്ത യോഗത്തിൽ പങ്കെടുത്തത്. യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലിയന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ വാക്‌സിൻ നിർമ്മാണം, വിതരണം, ചികിത്സ, എന്നിവക്കായി 7.4 ബില്യൺ യൂറോ (8.1 ബില്യൺ ഡോളർ) ഞങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. അഭൂതപൂർവമായ ആഗോള സഹകരണത്തിനു ഇത് സഹായിക്കുമെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലിയൻ പറഞ്ഞു. ലോകബാങ്ക്, മെലിൻഡ ഗേറ്റ് ഫൗണ്ടേഷൻ, സമ്പന്ന വ്യക്തികൾ എന്നിവരിൽ നിന്ന് കൂടുതൽ സഹായത്തിനായുള്ള ശ്രമങ്ങൾ ആഴ്ച്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം നീണ്ടേക്കാം. പോപ്പ് ഗായിക മഡോണ ഇതിനകം 1.1 മില്യൺ ഡോളർ വാഗ്‌ദാനം ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയൻ 1 ബില്യൺ ഡോളർ, സമാനമായ തുക നോർവേ, ഫ്രാൻസ് 500 മില്യൺ ഡോളർ സഊദി അറേബ്യ, ജർമനി, ജപ്പാൻ എന്നെ രാജ്യങ്ങൾ 800 മില്യൺ ഡോളറിലധികം എന്നിവയും യോഗത്തിൽ പ്രഖ്യാപിച്ചു.
നോർവേ പ്രധാനമന്ത്രി എർന സോൽബെർഗ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാർക്കോൺ, ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുടങ്ങിയ പ്രമുഖരാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം, കൊവിഡ്-19 വൈറസിന് കൂടുതൽ ഇരയായ അമേരിക്ക ഈ ശ്രമത്തിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. വാക്‌സിൻ കണ്ടുപിടുത്തതിനും പരീക്ഷണത്തിനും നിർമ്മാണം, വിതരണം എന്നിവക്ക് മൂന്ന് ബില്യൺ ഡോളർ, ചികിത്സകൾ വികസിപ്പിക്കുന്നതിന് 2.25 ബില്യൺ ഡോളർ, ടെസ്റ്റിങ് കിറ്റുകൾക്ക് 750 മില്യൺ ഡോളർ, ഫെയ്സ് മാസ്കുകൾ പോലുള്ള സംരക്ഷണ ഉപകരണങ്ങൾ സംഭരിക്കുന്നതിനായി 750 മില്യൺ, ദുർബല രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ലോകാരോഗ്യ സംഘടനയെ സഹായിക്കുന്നതിന് ബാക്കി വരുന്ന 1.25 ബില്ല്യൻ ഡോളർ എന്നിങ്ങനെയാണ് എട്ടു ബില്യൺ ഡോളർ കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."