പ്രവാസികളുടെ മടങ്ങിവരവില്‍ ആശങ്ക, കേന്ദ്രം നിശ്ചയിച്ച പരിശോധന മതിയാവില്ല, രോഗവ്യാപനം ഉണ്ടാകുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിലേക്കു വരുന്ന പ്രവാസികളുടെ കാര്യത്തില്‍ ആശങ്കകളുണ്ടെന്നും ഇവര്‍ക്ക് കേന്ദ്രം നിശ്ചയിച്ച പരിശോധന മതിയാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം നിശ്ചയിച്ചതുപ്രകാരം അവര്‍ വന്നാല്‍ രോഗവ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പ്രവാസികള്‍ യാത്ര തിരിക്കും മുമ്പ് പരിശോധന നടത്തണം. രോഗമില്ലെന്നുറപ്പുവരുത്തണം.
മടങ്ങിയെത്തുന്നവരില്‍ രോഗസാധ്യതയില്ലാത്തവരെ വീട്ടിലേക്കയക്കുമെന്നും അവിടെ നിരീക്ഷണത്തില്‍ കഴിയണമെന്നുമായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ കഴിയില്ല. മടങ്ങിയെത്തുന്നവര്‍ എല്ലാം അതാത് ജില്ലകളില്‍ സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണം. ഏഴാം ദിവസം പി.സി.ആര്‍ ടെസ്റ്റ് നടത്തും. ആ ടെസ്റ്റില്‍ നെഗറ്റീവ് ആയവരെ വീടുകളിലേക്ക് അയയ്ക്കും. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്ക് മാറ്റും.
ഒരാഴ്ച കഴിഞ്ഞ് പരിശോധനാഫലത്തില്‍ കുഴപ്പമില്ലെങ്കില്‍ വീട്ടിലേക്കുപോകാം. വീട്ടില്‍ അവര്‍ വീണ്ടും ക്വാറന്റൈനില്‍ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ആന്റി ബോഡ് ടെസ്റ്റ് നടത്തും. അതിനായി രണ്ടുലക്ഷം ടെസ്റ്റ് കിറ്റുകള്‍ കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം ആവശ്യപ്പെട്ട എല്ലാവരേയും എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. നമ്മള്‍ സമര്‍പ്പിച്ച പ്രവാസികളുടെ വിവരം കേന്ദ്രം സ്വീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ എണ്‍പതിനായിരം പേര്‍ക്കുമാത്രമേ തിരിച്ചെത്താനാവൂ. 1,69,13 പേരെ അടിയന്തരമായി എത്തിക്കണമെന്നാണ് നമ്മള്‍ ആവശ്യപ്പെട്ടിരുന്നത്. അത് സ്വീകരിക്കപ്പെടാത്തത് വലിയ പ്രയാസം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."