HOME
DETAILS
MAL
ബഹ്റൈനിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത! മൊബൈല്‍ സിം രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി
backup
March 03 2019 | 09:03 AM
#ഉബൈദുല്ല റഹ് മാനി
മനാമ: ബഹ്റൈനില്‍ വിരലടയാളം നല്‍കി മൊബൈല്‍ സിം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സന്തോഷവാര്‍ത്ത. സിം രജിസ്ട്രേഷന്‍ ചെയ്യാനുള്ള സമയപരിധി അധികൃതര്‍ അടുത്ത മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഇതോടെ 2019 ജൂണ്‍ 2 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം നിലവിലുള്ള ഫോണ്‍ കണക്ഷനുകള്‍ റദ്ദാവാതെ തുടര്‍ന്നും ഉപയോഗിക്കാനാകും. നേരത്തെ നല്‍കിയ കാലാവധി അവസാനിക്കാനിരിക്കെ, ബഹ്‍റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
അതോറിറ്റിയുടെ നേരത്തെയുള്ള അറിയിപ്പ് പ്രകാരം വിരലടയാളം നല്‍കി സിം രജിസ്റ്റര്‍ ചെയ്യാനും ഓണര്‍ഷിപ്പ് മാറ്റാനുമുള്ള അവസാന തീയ്യതി 2019 മാര്‍ച്ച് 3 ആയിരുന്നു.
ബഹ്റൈനിലെ പ്രമുഖ ടെലിഫോണ്‍ കന്പനികളായ ബറ്റല്‍കോ, വിവ, സൈന്‍ എന്നിവ വിവിധ രൂപങ്ങളിലുള്ള സന്ദേശങ്ങളിലൂടെ ഇക്കാര്യം തങ്ങളുടെ ഉപഭോക്താക്കളെയെല്ലാം നിരന്തരം ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെ മാര്‍ച്ച് 3നു മുന്പ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെല്ലാം ഫോണ്‍ കണക്ഷന്‍ നഷ്ടമാവുമെന്ന ഭീതിയില്‍ നിരവധി പേരാണ് രജിസ്റ്റര്‍ ചെയ്യാനായി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മൊബൈല്‍ കന്പനികളുടെ ഔട്ട് ലൈറ്റുകളിലും ഷോപ്പുകളിലുമെത്തിയത്.
കൂടാതെ, മൊബൈല്‍ സിം സ്വന്തം പേരിലല്ലെങ്കിലും സ്ഥിരമായി വിളിക്കുന്ന 5 പേരുടെ നന്പറുകള്‍ നല്‍കി ഓണര്‍ഷിപ്പ് നേടാനും സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്യാനുമുള്ള അവസരം കൂടിയുണ്ടെന്ന വാര്‍ത്ത പരന്നതോടെ ഏതാനും ദിവസങ്ങളായി രജിസ്റ്റര്‍ ചെയ്യാനെത്തിയവരുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചിരുന്നു.
ഇതോടെയാണ് ബഹ്‍റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റി, വിരലടയാളം നല്‍കി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം മൂന്നു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.
ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് കണക്ഷനുകള്‍ സുരക്ഷിതമാക്കാനും ഫോൺ ദുരുപയോഗം മൂലമുള്ള തട്ടിപ്പുകള്‍ ഒഴിവാക്കാനുമാണ് ഇത്തരമൊരു പദ്ധതിയെന്നാണ് അധികൃതരുടെ വിശദീകരണം.
കൂടാതെ, രേഖകളില്ലാത്ത ഫോണ്‍ കണക്ഷനുകളെല്ലാം വിഛേദിച്ച് നിലവില്‍ ബഹ്റൈനിലുള്ള ഫോണ്‍ ഉപഭോക്താക്കളുടെ ക്രിത്യമായ രേഖകള്‍ ശേഖരിക്കുക എന്ന ലക്ഷ്യം മൊബൈല്‍ കന്പനികള്‍ക്കുമുള്ളതായി വര്‍ഷങ്ങളായി ഈ രംഗത്തുള്ള ഒരു പ്രവാസി വ്യവസായി സുപ്രഭാതത്തോട് പറഞ്ഞു.
ഏതായാലും സിം രജിസ്റ്റര്‍ ചെയ്യാനുള്ള പുതുക്കിയ തീയ്യതി 2019 ജൂണ്‍ 2 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതിനാല്‍ മാസങ്ങള്‍ നീണ്ട അവധിയില്‍ നാട്ടിലേക്ക് പോയ പ്രവാസികള്‍ക്കും സാവധാനം തിരിച്ചെത്തി ഫോണ്‍ കണക്ഷന്‍ സുരക്ഷിതമാക്കാമെന്ന ആശ്വാസവും ലഭ്യമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."