അംഗീകാരത്തിന്റെ നെറുകയില്‍ നിന്ന് ഡോ.ഖാദര്‍ മാങ്ങാട് പടിയിറങ്ങുന്നു
കണ്ണൂര്‍: നിരവധി നേട്ടങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കുമൊടുവില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ പദവിയില്‍ നിന്നു വിരമിക്കുകയാണ് ഡോ. എം.കെ അബ്ദുല്‍ഖാദര്‍. ഈമാസം 14ന് കാലവധി പൂര്‍ത്തിയാക്കുന്ന വൈസ് ചാന്‍സലര്‍ക്ക് വരുന്ന 12ന് ഉച്ചയ്ക്ക് രണ്ടിനു സര്‍വകലാശാല ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നല്‍കും. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനായി പൂനയിലാണ് അദ്ദേഹമുള്ളത്.
കാഞ്ഞങ്ങാട് നെഹ്‌റു കോളജ് ഇംഗ്ലിഷ് വിഭാഗം തലവനായിരിക്കെയാണു ഖാദര്‍ മാങ്ങാട് എന്നറിയപ്പെടുന്ന ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്കെത്തുന്നത്. സജീവ രാഷ്ട്രീയ രംഗത്തുനിന്നു വൈസ് ചാന്‍സലര്‍ പദവിയിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. ഇതോടെ എതിര്‍ രാഷ്ട്രീയത്തിന്റെ കരുനീക്കങ്ങള്‍ ഇദ്ദേഹത്തിനു പിന്നാലെയായി. ഏറ്റവും ഒടുവില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പി.എച്ച്.ഡി കേസിലും ആരോപണങ്ങളിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായി.
നിരവധി സമരങ്ങള്‍ കൊണ്ട് ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും സംഘടനകളും രംഗത്തു വന്നതോടെ വൈസ് ചാന്‍സലര്‍ പദവി പോലും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. സര്‍വകലാശാല ആസ്ഥാനത്തേക്ക് നിരവധി സമരങ്ങളും അതിക്രമങ്ങളും സാക്ഷ്യം വഹിച്ചാണ് ഒടുവില്‍ വിവാദങ്ങള്‍ കെട്ടടങ്ങിയത്.
അനുകൂല വിധിയുടെ ആശ്വാസത്തില്‍ പടിയിറങ്ങുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയും അദ്ദേഹത്തോടൊപ്പമുണ്ട്.
20 വര്‍ഷം പിന്നിട്ട കണ്ണൂര്‍ സര്‍വകലാശാലയ്ക്കു നാക് അംഗീകാരം ലഭിച്ചതാണ് പ്രധാന നേട്ടം. സര്‍വകലാശാല ആസ്ഥാനം താവക്കരയിലേക്കുള്ള മാറ്റിയതും ആസ്ഥാനത്തെ ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക്, അക്കാദമിക് സ്റ്റാഫ് കോളജിന്റെ നിര്‍മാണം, വാടക കെട്ടിടത്തില്‍ നിന്നു മാറ്റിയ സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറി, ഏകജാലക സംവിധാനം, ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയവയും എടുത്തുപറഞ്ഞ നേട്ടങ്ങളാണ്.
എം.എസ്.സി വുഡ് സയന്‍സ് കോഴ്‌സിനെ തൊഴിലധിഷ്ഠിത കോഴ്‌സായി മാറ്റുന്നതിലും ഇദ്ദേഹത്തിന്റെ പ്രയത്‌നം മാത്രമായിരുന്നു.
ഇതുകൂടാതെ സി.എസ്.ആര്‍ ഫൗണ്ടേഷന്റെ രാജ്യത്തെ നൂറു മികച്ച വൈസ് ചാന്‍സലര്‍മാര്‍ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകളും ഡോ. ഖാദര്‍ മാങ്ങാടിനെ തേടിയെത്തിയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."