താണയിലെ സിഗ്നല്‍; അശാസ്ത്രീയത പരിഹരിക്കും
കണ്ണൂര്‍: ഗതാഗത കുരുക്കിനു പരിഹാരമായി താണ ജങ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെ അപാകത പരിഹരിക്കും. അശാസ്ത്രീയതയെത്തുടര്‍ന്ന് സിഗ്നല്‍ ഇന്നലെ നിര്‍ത്തിവച്ചിരുന്നു . കോര്‍പറേഷന്‍ പൊതുമരാമത്തിന്റെ മേല്‍നോട്ടത്തില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ ഹൈക്കോണ്‍ കമ്പനിയാണ് ആഴ്ചകള്‍ക്കു മുമ്പ് സിഗ്നല്‍ സ്ഥാപിച്ചത്. കെല്‍ട്രോണാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. എന്നാല്‍ നാലു ദിക്കിലേക്കുമുള്ള ഡിജിറ്റല്‍ ടൈമിങ് ഒരുപോലെയായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. അശാസ്ത്രീയത ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണുമെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനന്‍ അറിയിച്ചു.
ദേശീയപാതയ്ക്കു പുറമേ കക്കാട്, ആനയിടുക്ക് ഭാഗങ്ങളിലേക്കും തുല്യസമയം നല്‍കിയാണ് സിഗ്നല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ റോഡില്‍ അധികം വാഹനങ്ങളില്ലാത്തതിനാല്‍ ദേശീയപാതയില്‍ ഈ സമയങ്ങളില്‍ വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ദേശീയപാത തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്ക് സിഗ്നലില്‍ സമയക്കുറവ് അനുഭവപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കാല്‍ടെക്‌സ് വരെ കുരുക്ക് മുറുകിയിരുന്നു. നേരത്തെ ഇതേ പ്രശ്‌നം കാല്‍ടെക്‌സില്‍ സിഗ്നല്‍ സ്ഥാപിച്ചപ്പോഴും കണ്ടെത്തിയിരുന്നു. ഇതു പിന്നീട് പരിഹരിക്കുകയായിരുന്നു. അതേസമയം, കാല്‍ടെക്‌സില്‍ ഇന്നും റോഡിലെ സ്‌റ്റോപ് ലൈന്‍ മാറ്റി വരച്ചിട്ടില്ല.
ഇതു കാരണം വാഹനങ്ങള്‍ സര്‍ക്കിളിനു സമീപം നിര്‍ത്തുന്ന സ്ഥിതിയുണ്ട്. സിഗ്നല്‍ സ്ഥാപിച്ച തൂണിനെക്കാള്‍ മുന്നിലാണ് വാഹനങ്ങള്‍ നിര്‍ത്തിടുന്നത്. നാല് തൂണിലും ലൈറ്റുകളും ടൈമറും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ക്കു പുറേമ എതിര്‍ഭാഗത്തെ വാഹനങ്ങള്‍ക്കു കാണുന്ന തരത്തിലുള്ള ലൈറ്റ് ഘടിപ്പിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."