ഹൈദരലി തങ്ങളെ അപമാനിച്ച് പോസ്റ്റ്: ബി.ജെ.പി വനിതാ നേതാവിനെതിരേ പരാതി
കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച ബി.ജെ.പി വനിതാ നേതാവിനെതിരേ പരാതി. കണ്ണൂര്‍ പാനൂരിലെ ലസിത പാലക്കലിനെതിരേയാണ് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷന്‍ ജാഫര്‍ സാദിഖ് പരാതി നല്‍കിയത്.
ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആംബുലന്‍സില്‍ നിന്ന് പാന്‍സാല പിടിച്ചെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഹൈദരലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതിനെതിരേ വലിയ രീതിയില്‍ മുസ്‌ലിം ലീഗ് അണികളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്.
മംഗളൂരുവില്‍ നിന്നുള്ള രോഗിയെ എത്തിക്കാന്‍ തലപ്പാടിയിലേക്കു തിരിച്ച ആംബുലന്‍സിന്റെ മടങ്ങിവരവിലാണ് കുമ്പള പൊലിസ് പാന്‍ മസാല പാക്കറ്റ് പിടിച്ചത്. കൊറോണക്കാലത്ത് മുഴുവന്‍ സമയം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് ലീഗ് പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വനിതാ നേതാവ് പോസ്റ്റിട്ടത്. സമൂഹമാധ്യമങ്ങളിലെ വിവാദ പോസ്റ്റുകളുടെ പേരില്‍ നേരത്തെയും ലസിത വിമര്‍ശന വിധേയയായിരുന്നു. പാര്‍ട്ടി തന്നെ ഇവരുടെ പേരില്‍ നടപടിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."