സത്യവാങ്മൂലം സൂക്ഷ്മപരിശോധനയ്ക്ക് മുന്‍പ് തിരുത്താമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് മുന്‍പ് തിരുത്തിയാല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന് കേസെടുക്കാനാവില്ലെന്ന് സുപ്രിംകോടതി. അസം നിയമസഭയിലെ കോണ്‍ഗ്രസ് അംഗമായിരുന്ന ജിബോണ്‍ താര ഗാട്ടോവാറിനെതിരായ തെരഞ്ഞെടുപ്പ് കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എസ്.എ ബോബ്്‌ഡെ, എസ്.കെ കൗള്‍, ദീപക് ഗുപ്ത എന്നിവരങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധേയമായ ഉത്തരവ്.
തനിക്കെതിരായി ക്രിമിനല്‍ കേസുകളുള്ള കാര്യം 2012ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഗാട്ടോവാര്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ കിട്ടാവുന്ന ഏതെങ്കിലും കേസുകള്‍ പേരിലുണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തിയിരിക്കണമെന്നാണ് നിയമം.പിന്നീട് ക്രിമിനല്‍ കേസുള്ള കാര്യം ചൂണ്ടിക്കാട്ടി അധിക സത്യവാങ്മൂലം ഗാട്ടോവാര്‍ നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഗാട്ടോവാറിനെതിരേ എതിര്‍ വിഭാഗം ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി. ഇതിനെതിരായ അപ്പീലിലാണ് സുപ്രിംകോടതി ഹൈക്കോടതി വിധി ശരിവച്ചിരിക്കുന്നത്. ആദ്യം കൊടുത്ത സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ പിന്നീട് തിരുത്തി സത്യവാങ്മൂലം കൊടുത്തിട്ടുണ്ട്. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."