ശ്രീകണ്ഠപുരത്ത് കവര്‍ച്ചാ സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍
ശ്രീകണ്ഠപുരം: വന്‍ കവര്‍ച്ചാ സംഘത്തിലെ മുഖ്യ കണ്ണിയായ യുവാവിനെ ശ്രീകണ്ഠപുരം എസ്.ഐ നാരായണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. കോട്ടൂര്‍ റബ്‌കോയിലെ താല്‍ക്കാലിക ഡ്രൈവറും നടുവില്‍ ടൗണിലെ താമസക്കാരനുമായ പുതിയകത്ത് ഷാക്കിറാണ്(18) അറസ്റ്റിലായത്. ജില്ലയ്ക്കു അകത്തും പുറത്തും നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണെന്നു പൊലിസ് പറഞ്ഞു.
കഴിഞ്ഞദിവസം ഈ സംഘത്തില്‍പ്പെട്ട നടുവില്‍ സ്വദേശി വാണിയങ്കണ്ടി സുമേഷ്(22), വിളക്കണ്ണൂര്‍ സ്വദേശി പുലിയരക്കല്‍ വിജേഷ്(29) എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
ഇവരില്‍ നിന്നാണ് ഷാക്കിറിനെ കുറിച്ച് സൂചന ലഭിക്കുന്നത്. ഇതേതുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഒന്നിന് ഇയാളെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. കുടിയാന്‍മലയില്‍ വധശ്രമക്കേസിലും ശ്രീകണ്ഠപുരത്ത് ഒരു പോക്‌സോ കേസിലും പ്രതിയാണ് ഷാക്കിര്‍. ഈ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരികയെയാണ് ഇയാള്‍ കോഴിക്കോട് സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവുമായ ജാബിറുമായി പരിചയപ്പെടുന്നത്.
ഇതാണ് ഷാക്കിറിനെ വിപുലമായ കവര്‍ച്ചാസംഘം രൂപികരിക്കാന്‍ പ്രേരിപ്പിച്ചത്. ജയിലില്‍ നിന്നിറങ്ങിയ ശേഷം കോട്ടൂര്‍ റബ്‌കോയില്‍ താത്കാലിക ഡ്രൈവറായി ജോലി ചെയ്ത ഷാക്കിര്‍ കഴിഞ്ഞ 28ന് സുഹൃത്തുക്കളുമൊന്നിച്ച് ഇവിടെ നിന്നും 80,000 രൂപ കവര്‍ന്നു. വിളക്കന്നൂരിലെ രാജമ്മയുടെ വീട്ടിലും കവര്‍ച്ച നടത്തിയത് ഇവരാണെന്നു പൊലിസ് പറഞ്ഞു.
കാര്‍ വാടകയ്‌ക്കെടുത്താണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. നടുവില്‍ സ്വദേശി അര്‍ജുന്‍ ഇവരുടെ സംഘാംഗമാണെന്നു തെളിഞ്ഞിട്ടുണ്ട്. മലപ്പുറത്ത് പൊലിസ് പിടിയിലായ അഷ്‌റഫ്, ജുനൈദ്, അശ്വിന്‍ എന്നിവരും ഷാക്കിറിന്റെ സംഘത്തില്‍പെട്ടവരാണ്.
സാമ്പത്തിക ശേഷിയുള്ള കുടുംബാംഗമായ അര്‍ജുന്റെ പിതാവ് വില്ലേജ് ഓഫിസറാണ്. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് ആഢംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."