എടപ്പാള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യം
എടപ്പാള്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈയേറ്റം തിരിച്ചുപിടിക്കണമെന്ന നിര്‍ദേശം ഇനിയും നടപ്പിലായില്ലെന്നു പരാതി. സ്‌കൂളിന്റെ നാലു വശങ്ങളിലെയും ഭൂമി അന്യാധീനപ്പെട്ടു കിടക്കുകയാണ്.
ഇതുമൂലം സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മിച്ച് സുരക്ഷിതമാക്കാന്‍ സാധിച്ചിട്ടില്ല. രണ്ടു ഭാഗങ്ങളില്‍ക്കൂടി സ്‌കൂള്‍ സമയങ്ങളില്‍പോലും വാഹനങ്ങള്‍ കടന്നുപോകുന്നത് അപകടങ്ങള്‍ക്കും ഇടയാക്കുന്നു. ഇതിന് പരിഹാരമായി സ്‌കൂളിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ സെക്രട്ടറി ഒരു മാസം മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തി രേഖകള്‍ കൈമാറാന്‍ കലക്ടറോട് നിര്‍ദേശിച്ചിരിക്കുകയാണ്. കലക്ടര്‍ ഈ റിപ്പോര്‍ട്ട് പൊന്നാനി തഹസില്‍ദാര്‍, വില്ലേജ് അധികൃതര്‍ എന്നിവര്‍ക്ക് കൈമാറിയിട്ടുമുണ്ട്. എന്നാല്‍ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.
രണ്ടു വശങ്ങളില്‍ റോഡിനുള്ള സ്ഥലം ഒഴിച്ചിടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തു താമസിക്കുന്നവര്‍ വര്‍ഷങ്ങളായി ഈ വഴി ഉപയോഗിച്ചുവരുന്നുണ്ട്. ഇതുസംബന്ധിച്ച തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ വെള്ളം കെട്ടിനിന്ന് ഈ വഴി തകര്‍ന്നുകിടക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."