പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റ് മലയോര മേഖലക്ക് പുതിയ പ്രതീക്ഷകള്‍
മുക്കം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയോര മേഖലയ്ക്കും നിരവധി പദ്ധതികള്‍. തിരുവമ്പാടി, കുന്ദമംഗലം, കൊടുവള്ളി മലയോര മണ്ഡലങ്ങളില്‍ കോടിക്കണക്കിനു രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. തിരുവമ്പാടിയില്‍ ചുരം ബദല്‍ റോഡായ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മലയോര ജനതയുടെ മറ്റൊരു പ്രധാന ആവശ്യമായിരുന്ന അഗസ്ത്യന്‍മുഴി-തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയില്‍ റോഡിന് 30 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. മുക്കം നഗരസഭ, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ സമഗ്രവികസനത്തിനും ആക്കംകൂട്ടുന്നതാണ് ഈ റോഡ്. നിരവധി സംസ്ഥാന, ദേശീയ, രാജ്യാന്തര താരങ്ങളുള്ള മലയോര മേഖലയില്‍ പുല്ലൂരാംപാറ സ്‌പോര്‍ട് കോംപ്ലക്‌സിന് അഞ്ചു കോടി രൂപയും പുലിക്കയം പാലത്തിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
മണ്ഡലത്തില്‍ ആറു പാലങ്ങള്‍ക്ക് 21.5 കോടി വകയിരുത്തി. കുണ്ടന്‍ തോട് പാലം എട്ടു കോടി, കുപ്പായക്കോട് പാലം നാലു കോടി, ചെമ്പുകടവ് പാലം മൂന്ന് കോടി, കുഴിനക്കി പാറ പാലം രണ്ടര കോടി, വഴിക്കടവ് പാലം രണ്ടു കോടി, പനംപിലാവ് പാലം രണ്ടു കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
തിരുവമ്പാടി ഐ.ടി.ഐക്ക് കെട്ടിടം നിര്‍മിക്കാന്‍ മൂന്നു കോടിയും മുക്കം ഗവ. പോളിടെക്‌നിക്കിന് അഞ്ചു കോടിയും പൊലിസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിനു 10 കോടിയും വകയിരുത്തി. അമ്പായതോട് ഊരൂട് കോടഞ്ചേരി റോഡ് 15 കോടി, കൂടരഞ്ഞി ചാലിയാര്‍ റോഡ് അഞ്ചു കോടി, തിരുവമ്പാടി കൂടരഞ്ഞി തോട്ടുമുക്കം റോഡ് ബി.എം.ബി.സി ചെയ്യാന്‍ 10 കോടി, അടിവാരം കേളന്‍ മൂല റോഡ് 15 കോടി, ഈങ്ങാപുഴ കണ്ണോത്ത് കോടഞ്ചേരി റോഡ് 15 കോടി, മുക്കം കടവ് കാരമൂല തേക്കുംകുറ്റി റോഡ് അഞ്ചു കോടി, നോര്‍ത്ത് കാരശ്ശേരി കൊടിയത്തൂര്‍ ചെറുവാടി റോഡ് നാലു കോടി വകയിരുത്തി. മണ്ഡലത്തിലെ ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്തത് മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയാണ്.
കൊടുവള്ളി മണ്ഡലത്തിലും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ 19 റോഡുകള്‍ക്ക് ബജറ്റില്‍ ഫണ്ടനുവദിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു. കൊടുവള്ളി സിറാജ് ബൈപ്പാസ്, ഹൈസ്‌കൂള്‍ ആസാദ് റോഡ്, പരപ്പന്‍ പൊയില്‍ പുന്നശ്ശേരി റോഡ്, താമരശ്ശേരി വരട്ട്യാക്കല്‍ റോഡ്, കൂടത്തായ് ആര്‍.ഇ.സി റോഡ്, പുത്തൂര്‍ വെളിമണ്ണ റോഡ് തുടങ്ങിയവയാണ് പ്രധാന റോഡുകള്‍. ഡ്രൈനേജ് കം ഫൂട്ട്പാത്ത് നിര്‍മിക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."