ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി
തളിപ്പറമ്പ്: ഫെയ്‌സ്ബുക്ക് സുഹൃത്തായ യുവാവ് ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന് തെറ്റിധരിപ്പിച്ച് ജോലിവാഗ്ദാനം നല്‍കി മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബക്കളം കടമ്പേരിയിലെ ജിതിന്‍, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയില്‍ പാലക്കാട് മണ്ണമ്പറ്റയിലെ പ്രശാന്തിനെതിരേ തളിപ്പറമ്പ് പൊലിസ് വഞ്ചനാകുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2016 ഓഗസ്റ്റിലാണ് ജിതിന്‍ ഫെയ്‌സ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്.
ഐ.എ.എസ് ബിരുദധാരിയാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കലക്ടറായി ജോലി ചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്. നിരന്തരം ബന്ധപ്പെട്ടതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. ഈ സമയത്താണ് എയര്‍ ഇന്ത്യയില്‍ ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പ്രശാന്ത് പണം ആവശ്യപ്പെട്ടത്.
ഇത് വിശ്വസിച്ച് ധര്‍മ്മശാല സിന്‍ഡിക്കേറ്റ് ബാങ്ക് വഴി ജിതിന്‍ ഒന്നരലക്ഷം രൂപയും സുഹൃത്ത് ശ്രീഹരി പ്രേമരാജ് രണ്ടുലക്ഷം രൂപയും പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായി ബന്ധപ്പെടാതെയായി.
ഇതോടെ സംശയം തോന്നി ചെന്നൈയില്‍ നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി വ്യക്തമായതോടെയാണ് തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കിയത്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രശാന്തുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് പ്രശാന്തിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. ഫോണ്‍ നമ്പര്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്.
പ്രശാന്തിന്റെ പേരില്‍ ഇത്തരത്തില്‍ മറ്റ് പരാതികള്‍ ഉണ്ടോയെന്നും ബന്ധുക്കള്‍ നല്‍കിയ വിവരം ശരിയാണോയെന്നും പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."