സെക്രട്ടറിയും ഓവര്‍സിയറും രണ്ട് തട്ടില്‍; കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ട്
കാസര്‍കോട്: നഗരസഭ ആറാം വാര്‍ഡിലെ ഭൂപാസ് കോംപൗണ്ടില്‍ താമസക്കാരനായ പി. പത്മനാഭയുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറിയും ഓവര്‍സിയറും രണ്ട് തട്ടില്‍. എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ മുസ്‌ലിം ലീഗ്-ബി.ജെ.പി-സി.പി.എം കൗണ്‍സിലര്‍മാരെല്ലാം ഉദ്യോഗസ്ഥര്‍ക്കെതിരേ പൊതുനിലപാട് എടുത്തു.
പത്മനാഭയുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ ധനസഹായം അനുവദിക്കുന്നതിന് മുന്‍പായി പരിശോധന നടത്തിയ ഓവര്‍സിയര്‍ക്ക് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് ഓവര്‍സിയര്‍ നല്‍കിയ മറുപടിയും കൗണ്‍സില്‍ നിര്‍ദേശപ്രകാരം സെക്രട്ടറി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുമാണ് കടകവിരുദ്ധമായിരിക്കുന്നത്. പത്മനാഭയുടെ വീടിന്റെ തറ വിസ്തീര്‍ണ്ണം 183.64 ആണ് വേണ്ടതെന്നും എന്നാല്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ പത്മനാഭയുടെ വീടിന് ഏകദേശം 65 ലക്ഷം രൂപ ചിലവായിട്ടുണ്ടാകുമെന്നും സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസിനുള്ള മറുപടിയില്‍ ഓവര്‍സിയര്‍ സി.എസ് അജിത പറയുന്നു. കെട്ടിടത്തിന് 5,000 രൂപയെങ്കിലും നികുതി വാങ്ങേണ്ടിടത്ത് വാങ്ങുന്നത് വെറും 493 രൂപയാണെന്നും പരിശോധനാ ഘട്ടത്തില്‍ അയല്‍വാസി ദിനേശന്റെ വീട് കാണിച്ച് തെറ്റിദ്ധരിപ്പിച്ചതിനാലാണ് ധനസഹായ ഗഡുക്കള്‍ അനുവദിച്ചതെന്നുമാണ് ഓവര്‍സിയറുടെ മറുപടിയില്‍ പറയുന്നത്. ഇത്തരം നിയമലംഘത്തിന് കൗണ്‍സിലര്‍ രവി പൂജാരയും പങ്കാളിയാണെന്ന് ഓവര്‍സിയരുടെ മറുപടിയിലുണ്ട്. നിയമവിരുദ്ധമായി ബി.പി.എല്‍ ഗുണഭോക്താക്കളുടെ പണം തട്ടിയെടുക്കുകയും നഗരസഭഭരണ സംവിധാനത്തെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയും ദുരുപയോഗം നടത്തുകയും ചെയ്ത പത്മനാഭക്കെതിരേ ക്രിമിനല്‍കേസ് എടുക്കണമെന്നും ഓവര്‍സിയറുടെ മറുപടിയിലുണ്ട്.
എന്നാല്‍ സെക്രട്ടറി കൗണ്‍സില്‍ മുന്‍പാകെ വെച്ച റിപ്പോര്‍ട്ടില്‍ പത്മനാഭയുടെ മൊഴി പ്രകാരം കക്ഷി യഥാസമയം പണി പൂര്‍ത്തിയാക്കിയി നഗരസഭയില്‍ നിന്ന് നമ്പര്‍ ലഭ്യമാക്കിയതിന് ശേഷമാണ് വീട് അധികമായി പണി കഴിപ്പിച്ചതെന്ന് ബോധ്യപ്പെട്ടതായി പറയുന്നു. ആയതിനാല്‍ അധികമായി പണി തീര്‍ത്ത ഭാഗം കൂടി ഉള്‍പ്പെടുത്തി നിര്‍മാണം റഗുലറൈസ് ചെയ്യുന്നതിന് കക്ഷിക്ക് അറിയിപ്പ് നല്‍കുന്ന വിഷയവും കൂടാതെ കക്ഷിക്ക് വീട് നിര്‍മാണ ധനസഹായത്തിന്റെ ബാക്കി ഗഡുക്കള്‍ അനുവദിക്കുന്ന വിഷയവും കൗണ്‍സിലിന് പരിഗണിക്കാവുന്നതാണെന്ന് പറയുന്നു.
സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മുകളില്‍ ചര്‍ച്ച തുടങ്ങിയ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്‌ലിം ലീഗ് അംഗം വി.എം മുനീര്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഓവര്‍സിയറുടെ മറുപടിയും തള്ളിക്കളഞ്ഞു. എല്ലാ പരിശോധനയും നടത്തിയത് ഉദ്യോഗസ്ഥര്‍, ധനസഹായം നല്‍കിയതും നിങ്ങള്‍, ഗുണഭോക്താവിനെ തെരഞ്ഞെടുത്തത് ഗ്രാമസഭയില്‍, നികുതി നിശ്ചയിച്ചത് നിങ്ങള്‍. ഇതെല്ലാം നിങ്ങള്‍ ചെയ്തിട്ട് വിവാദമെല്ലാം കൗണ്‍സിലിന്റെ തലയിലിടാനാണോ ശ്രമമെന്ന് മുനീര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."