പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് നാളെ ഒരുവര്‍ഷം;ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുന്നു
കൊല്ലം: രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് നാളെ ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പരവൂര്‍ കോടതിയില്‍ എന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി 2016 ഏപ്രില്‍ 10ന് പുലര്‍ച്ചെയായിരുന്നു 110 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. 59 പ്രതികളില്‍ ഏഴുപേരും ദുരന്തത്തില്‍ മരിച്ചു. എഴുന്നൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്. 358 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നായിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്. പരവൂര്‍ നഗരസഭയിലെ പുറ്റിങ്ങല്‍, റെയില്‍വേ സ്റ്റേഷന്‍, കുറുമണ്ടല്‍ വാര്‍ഡുകളിലാണ് തകര്‍ന്ന വീടുകളില്‍ ഭൂരിഭാഗവും.
കേസില്‍ കുറ്റപത്രം നല്‍കുന്നതിനുള്ള നടപടികള്‍ തിരുവനന്തപുരത്തെയും കൊല്ലം ആശ്രാമത്തെയും ക്രൈംബ്രാഞ്ച് ഓഫിസുകളിലും പരവൂരിലെ ക്രൈംബ്രാഞ്ചിന്റെ താല്‍ക്കാലിക ക്യാംപ് ഓഫിസിലും ഇപ്പോഴും പുരോഗമിക്കുകയാണ്. 43 പ്രതികളുള്ള കേസില്‍ ആയിരത്തിലധികം പേരുടെ സാക്ഷിമൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ട് കരാറുകാരുടെ ജീവനക്കാരില്‍ ഏതാനും പേരെക്കൂടി പ്രതിയാക്കിയേക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയായതിനാല്‍ ആഭ്യന്തര വകുപ്പും ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. വെടിക്കെട്ടിന് നിരോധനമുണ്ടായിട്ടും അതു ലംഘിച്ചതിന് സാക്ഷ്യംവഹിച്ച പൊലിസ്-റവന്യു അധികാരികളെ പ്രതി ചേര്‍ക്കാത്തതില്‍ കോടതി അതൃപ്തി പ്രകടപ്പിക്കുമോയെന്ന ആശങ്കയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ദുരന്തമുണ്ടായപ്പോള്‍ ആദ്യം ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പിന്നീടാണ് കൊലക്കുറ്റം കൂടി ചുമത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ പൊലിസിനെയും റവന്യു ഉദ്യോഗസ്ഥരെയും കൂടി പ്രതിചേര്‍ക്കണമെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ ശക്തമായ നിലപാട്.
ഈ രീതിയില്‍ അന്വേഷണ സംഘം നീങ്ങിയപ്പോള്‍ ശക്തമായ ബാഹ്യ ഇടപെടലുകളുമുണ്ടായി. ഇതോടെ പൊലിസിനെയും ജില്ലാ ഭരണകൂടത്തെയും പ്രതി ചേര്‍ക്കേണ്ടെന്ന് ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്നു തീരുമാനം എടുക്കുകയായിരുന്നു. കേസില്‍ ഇതുവരെ 42 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
കുറ്റപത്രത്തില്‍ 60 പ്രതികളുണ്ടാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ ആരുടെയൊക്കെ പേരില്‍ കൊലക്കുറ്റം ചുമത്തണമെന്ന കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ 15 പേര്‍ക്കെതിരേയും വെടിക്കെട്ടിന് കരാര്‍ എടുത്തവരെയും ലൈസന്‍സികളെയും കൊലക്കുറ്റത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.
ദുരന്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്താത്തിനെ തുടര്‍ന്നു പിന്നീട് രാജിവച്ചു. ഇതിനു പകരം പുതിയ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."