സ്‌കൂളിന് സമീപമുള്ള പാലം കൈവരി തകര്‍ന്ന് അപകടാവസ്ഥയില്‍
ഹരിപ്പാട്: സ്‌കൂളിന് സമീപമുള്ള പാലത്തിന്റെ കൈവരി തകര്‍ന്ന് അപകടാവസ്ഥയില്‍. മഹാദേവികാട് സര്‍ക്കാര്‍ യു.പി സ്‌കൂളിന് സമീപം ഉള്ള തോട്ടുകടവ് പാലത്തിനാണ് ഈ അവസ്ഥ. പാലത്തിന്റെ തെക്ക് ഭാഗത്തുള്ള കൈവരിയുടെ പകുതി ഭാഗം പൂര്‍ണമായും ഇല്ലാത്ത സ്ഥിതിയില്‍ ആണ്.
ഇത്രയും ഭാഗം ഇപ്പോള്‍ കാറ്റാടി തൂണുകള്‍ കൊണ്ട് വേലി പോലെ കെട്ടി മറച്ചിരിക്കുകയാണ്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന് സമീപമാണ് പാലം അപകടാവസ്ഥയിലള്ളതെന്നത് ഗൗരവമായി അധികൃതര്‍ കാണുന്നില്ല.
മഹദേവികാട് യുപി എസിലെ കൂടാതെ, എസ്.എന്‍.എന്‍.ഡി.പി എച്ച്.എസ് മഹാദേവികാട്, സെന്റ് തോമസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലേതുള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇതു വഴി കാല്‍നടയായും സൈക്കിളിലും പോകുന്നത്.കൂടാതെ മൂന്നോളം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനു സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്.
കൂടാതെ നിരവധി മറ്റു യാത്രക്കാരും വാഹങ്ങളും പാലത്തിലൂടെ പോകുന്നുണ്ട്. കഴിഞ്ഞ കുറെ കാലമായി പാലത്തിന്റെ കൈവരികള്‍ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ഈ അടുത്ത സമയത്താണ് ഇത്ര അപകടാവസ്ഥയില്‍ എത്തി ചേര്‍ന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടാകുന്ന ഈ സമയത്ത് കുട്ടികളുടെ ഇതുവഴി ഉള്ള യാത്ര തീര്‍ത്തും അപകടം ആണ്.
സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി കൈപ്പള്ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."