ചുമരെഴുത്ത് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ചുമരെഴുത്തുകാര്‍ക്ക് ഇരിക്കാനും നില്‍ക്കാനും വയ്യാത്ത സ്ഥിതിയാണ്. അത്രയ്ക്കാണ് തിരക്ക്. ഒരു വിധം വൃത്തിയായി എഴുതുന്നവരെയൊക്കെ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ചാക്കിട്ടുപിടിച്ചു കഴിഞ്ഞു. എഴുതാനുള്ള മതിലും എഴുതുന്നയാളെയും കാലേകൂട്ടി ബുക്ക് ചെയ്ത് അവസാന നിമിഷത്തിലെ നെട്ടോട്ടം ഒഴിവാക്കുകയാണ് പ്രവര്‍ത്തകര്‍. ഒരു മതിലിന് ആയിരം മുതല്‍ മൂവായിരം വരെയാണ് വിവിധയിടങ്ങളില്‍ ആര്‍ട്ടിസ്റ്റുകളുടെ നിരക്ക്.
പാര്‍ട്ടി അനുഭാവികളുടെ മതിലുകള്‍ നേരത്തെതന്നെ പാര്‍ട്ടികള്‍ ബുക്ക് ചെയ്തിരുന്നു. സ്ഥാപനങ്ങളുടെ മതിലുകളുടെ കാര്യം സ്വാധീനത്തിന് അനുസരിച്ചാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്രയ്ക്കും എല്‍.ഡി.എഫിന്റെ കേരള സംരക്ഷണയാത്രയ്ക്കുമായി മതിലുകള്‍ ബുക്ക് ചെയ്തത് പ്രവര്‍ത്തകരുടെ പണി എളുപ്പമാക്കി.
ബി.ജെ.പി ബൂത്ത് തലത്തില്‍ എല്ലാ പ്രവര്‍ത്തകരുടെയും മതിലുകള്‍ വെള്ളയടിച്ചു തുടങ്ങിയിട്ടുണ്ട്. എന്റെ കുടുംബം ബി.ജെ.പി കുടുംബം പ്രചാരണത്തിന്റെ ഭാഗമായി വീടിനു മുന്നില്‍ സ്റ്റിക്കര്‍ പതിക്കുന്നതിനൊപ്പം മതിലില്‍ എഴുത്തും നടത്താനാണ് പദ്ധതി. ഇതിനായി പഞ്ചായത്ത് കമ്മിറ്റികളെ നിയോഗിക്കുകയും ചെയ്തു. ഓരോ മണ്ഡലത്തിലും പരമാവധി മതിലുകള്‍ കൈക്കലാക്കണമെന്നാണ് മൂന്നു മുന്നണികളും പ്രവര്‍ത്തകര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പ് ചിലയിടങ്ങളില്‍ പേരോട് കൂടിയ ചുമരെഴുത്തും പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ശശി തരൂരിനെ പ്രഖ്യാപിച്ചു കൊണ്ടുള്ള ചുവരെഴുത്ത് വ്യാപകമായിട്ടുണ്ട്. ബി.ജെ.പി താമര ചിഹ്നവും വിജയിപ്പിക്കുകയെന്ന അഭ്യര്‍ഥനയും ചുമരുകളിലാക്കി കാത്തിരിക്കുകയാണ്. എല്‍.ഡി.എഫ് ആകട്ടെ സി. ദിവാകരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെള്ളയടിച്ചിട്ട മതിലുകളില്‍ ഇന്നലെ രാത്രിയോടെ എഴുത്ത് തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."