ജന്മനാടിന്റെ തണല്‍തേടി പ്രതീക്ഷയോടെ പ്രവാസികളെത്തി
കൊണ്ടോട്ടി: 30 വര്‍ഷം നീണ്ട പ്രവാസജീവിതത്തിനിടയില്‍ നാട്ടിലേക്ക് ഇങ്ങനെയൊരു യാത്ര ആദ്യമാണ്. നാടണയാനുള്ള വെമ്പല്‍ എന്നും പ്രവാസികള്‍ക്കുണ്ട്. എന്നാല്‍ ഈ യാത്രയില്‍ വിമാനത്തിന്റെ പറക്കലിനു പോലും ദൈര്‍ഘ്യമേറുന്നതു പോലെ ഓരോരുത്തര്‍ക്കും തോന്നിപ്പോയി. കൊവിഡ്- 19 വ്യാപനത്തെ തുടര്‍ന്ന് ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ തിരൂര്‍ വെട്ടം സ്വദേശി മുഹമ്മദലി യാസീന്‍ വിവരിച്ചത് മടങ്ങിയെത്തുന്ന ഓരോ പ്രവാസിയുടെയും നേര്‍ചിത്രമായിരുന്നു.
ദുബൈയില്‍ നിന്ന് റാപ്പിഡ് ടെസ്റ്റിനു ശേഷമാണ് ഓരോരുത്തരെയും വിമാനത്തിലേക്കു കയറ്റിയത്.വിമാനത്തിനുള്ളിലും കനത്ത സുരക്ഷയും മുന്‍കരുതലുമായിരുന്നു. പൈലറ്റുമാരടക്കമുള്ള ജീവനക്കാര്‍ സുരക്ഷാകവചം (പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുമെന്റ്) ധരിച്ചിരുന്നു. വിമാനം പറന്നുയര്‍ന്നപ്പോള്‍ എയര്‍ഹോസ്റ്റസുമാര്‍ ഭക്ഷണം വിളമ്പാനില്ല. ഓരോരുത്തരുടെയും സീറ്റിനു സമീപം ഒരു കുപ്പി വെള്ളവും സ്‌നാക്‌സും വച്ചിട്ടുണ്ടായിരുന്നു. വെറുംകൈയോടെയാണ് മടങ്ങിയതെങ്കിലും നാട്ടിലെത്തിയതോടെ ആശ്വാസമായി.
കൊവിഡ് മൂലം തന്റെ റസ്റ്റോറന്റ് കൈവിട്ടതോടെയാണ് നാട്ടിലേക്കു മടങ്ങിയതെന്ന് യാസീന്‍ പറഞ്ഞു. ദീര്‍ഘകാലം ദുബൈയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് കമ്പനി വിട്ട് റസ്റ്റോറന്റ് ആരംഭിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ റസ്റ്റോറന്റിന്റെ നിലനില്‍പ്പ് നാലു മാസമായതോടെ കൊവിഡിനെ തുടര്‍ന്ന് ഭീഷണിയിലായി. ഇതോടെ നാട്ടിലേക്കു മടങ്ങുകയല്ലാതെ നിവൃത്തിയില്ലാതായി. സജീവ കെ.എം.സി.സി പ്രവര്‍ത്തകനായ യാസീന്‍ വിമാനം കയറുന്നതിനു തലേന്നാള്‍ വരെ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചാണ് മടങ്ങുന്നത്.
കൊവിഡിനെ തുടര്‍ന്ന് ജോലിയില്ലാതായ നിരവധി പേര്‍ ഭക്ഷണത്തിനായി വിളിക്കുമായിരുന്നു. ഇവര്‍ക്കു ഭക്ഷണവും ആവശ്യക്കാര്‍ക്കു മരുന്നും ആരോഗ്യ വകുപ്പിന്റെയും കെ.എം.സി.സിയുടേയും സഹായത്തോടെ എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞു. നോമ്പ് വന്നതോടെ ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്തു. ഷാര്‍ജ കേന്ദ്രീകരിച്ചായിരുന്നു സേവനങ്ങള്‍. വിസ ഡിസംബര്‍ വരെയുള്ളതിനാല്‍ തിരിച്ചൊരു മടക്കം തന്നെയാണ് മനസ്സിലുള്ളതെന്ന് യാസീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."