കര്‍ക്കിടകവാവ്: ബലിമണ്ഡപങ്ങള്‍ അംഗീകാരമുള്ള പുരോഹിതര്‍ക്കു മാത്രം
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള പുരോഹിതര്‍ക്കു മാത്രമേ ഈ വര്‍ഷം കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ബലിമണ്ഡപങ്ങള്‍ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍.
ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പങ്കെടുത്ത ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെ നിര്‍ദേശം മാനിച്ചാണ് തീരുമാനം.
തിരുവല്ലം, ശംഖുമുഖം, വര്‍ക്കല, അരുവിപ്പുറം, അരുവിക്കര, തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക് ഒഴിവാക്കാനും ഭക്തര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും വേണ്ടി ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം ആവശ്യമായ സൗകര്യങ്ങളൊരുക്കും. മാലിന്യനിര്‍മാര്‍ജനത്തിന് കോര്പ്പറേഷന് അധികൃതരുടെ സേവനം തേടും. ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ടിക്കറ്റ് കൗണ്ടറുകള്‍ സ്ഥാപിച്ച് തിരക്കു കുറയ്ക്കും. ഭക്തര്‍ എത്തുന്ന വാഹനങ്ങള്‍ സൗകര്യപൂര്‍വം പാര്‍ക്ക് ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥലം കണ്ടെത്തും. വിവിധ സ്ഥലങ്ങളില്‍ കൂടുതലായി എന്തെല്ലാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അന്വേഷണം നടത്തി അറിയിക്കാന്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും തഹസീല്‍ദാര്‍മാര്‍ക്കും ചുമതല നല്‍കും.
യോഗത്തില്‍ ഡിസിപി ജി. ശിവ വിക്രം, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജോണ്‍ വി. സാമുവല്‍, ഒ. രാജഗോപാല്‍ എംഎല്‍എയുടെ പ്രതിനിധി എം.ആര് ഗോപന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."