അഭിനന്ദന്‍ മോചിതനായി, എന്റെ മകന്‍ എന്നു വരുമെന്ന് നജീബിന്റെ മാതാവ്
ന്യൂഡല്‍ഹി: വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാന്‍ മോചിതനായി, ഇനി എന്റെ മകന്‍ എന്ന് തിരിച്ചുവരുമെന്ന ചോദ്യവുമായി ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ ഉമ്മ ഫാതിമാ നഫീസ.
ട്വിറ്ററിലിട്ട കുറിപ്പിലാണ് നജീബിന്റെ മാതാവ് ഇങ്ങനെ ചോദിച്ചത്. പാക് പിടിയിലായിരുന്ന അഭിനന്ദന്റെ തിരിച്ചുവരവിനെ രാജ്യം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഫാതിമാ നഫീസ രണ്ടരവര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ തന്റെ മകന്റെ വിഷയം ഉന്നയിച്ചത്. പാകിസ്താന്‍ നമ്മുടെ പൈലറ്റിനെ തിരികെ തന്നു. എന്നാല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ എന്നാണ് എന്റെ മകനെ തിരിച്ചുതരിക? അവര്‍ ചോദിച്ചു. ഉമ്മയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും നജീബിനെ കാണാതായതുമുതല്‍ മാനസികമായി അവര്‍ തളര്‍ന്നിട്ടുണ്ടെന്നും നജീബിന്റെ സഹോദരന്‍ ഹസീബ് അഹമ്മദ് പറഞ്ഞു. 2016 ഒക്ടോബര്‍ 15 മുതലാണ് കാംപസിലെ ഹോസ്റ്റലില്‍നിന്ന് നജീബ് അഹമ്മദിനെ കാണാതായത്. കാണാതാവുന്നതിന്റെ തലേദിവസം എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ നജീബിനെ മര്‍ദിച്ചിരുന്നു.
സംഭവം സി.ബി.ഐ അന്വേഷിച്ചെങ്കിലും നജീബിനെ കുറിച്ചു യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."