എങ്ങുമെത്താതെ ബസ്‌റൂട്ട് നമ്പറിങ് പദ്ധതി
കോഴിക്കോട്: ബസിന്റെ ബോര്‍ഡ് വായിക്കാന്‍ കഴിയാത്തവരെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹനവകുപ്പും നടപ്പാക്കിയ ബസ്‌റൂട്ട് നമ്പറിങ് പദ്ധതി പരാജയം. 2015 ഒക്ടോബറില്‍ തുടക്കമിട്ട പദ്ധതിയുടെ നടത്തിപ്പിലുണ്ടായ വീഴ്ചയാണ് പാതിവഴിയില്‍ പദ്ധതി നിലയ്ക്കാന്‍ കാരണം. റൂട്ട് നമ്പറുകള്‍ക്ക് നേരെ സ്ഥലത്തിന്റെ പേര് എഴുതിയ ബോര്‍ഡുകള്‍ ബസ് സ്‌റ്റോപ്പുകളില്‍ സ്ഥാപിക്കുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സിറ്റിയില്‍ സര്‍വിസ് നടത്തുന്ന 350 ഓളം സ്വകാര്യ ബസുകള്‍ക്ക് നമ്പറുകള്‍ വിതരണം ചെയ്തിരുന്നു.
എന്നാല്‍ ഈ നമ്പര്‍ ഏതു റൂട്ടിലുള്ള ബസാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ അതാതു ബസ് സ്‌റ്റോപ്പുകളില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. നഗരത്തില്‍ റെയില്‍വെ സ്‌റ്റേഷന്‍, പുതിയസ്റ്റാന്‍ഡ്, മാനാഞ്ചിറ സിറ്റി ബസ്‌റ്റോപ്പ് എന്നീ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സാധിച്ചില്ല. മലയാളത്തില്‍ എഴുതിയ ബോര്‍ഡുകള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വായിക്കാന്‍ സാധിക്കുകയില്ലായിരുന്നു.
മറ്റ് യാത്രക്കാരുടേയും ബസ് തൊഴിലാളികളുടേയും സഹായത്തോടെയാണ് അവര്‍ ബസുകള്‍ കണ്ടെത്തിയിരുന്നത്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് പദ്ധതി ആവിഷ്‌ക്കരിക്കപ്പെട്ടത്. പ്രധാനപ്പെട്ട എല്ലാ ഭാഷകളിലും ഓരോ സ്ഥലവും അവിടേക്കുള്ള ബസ് റൂട്ട് നമ്പറുകളും ബസ് സ്‌റ്റോപ്പില്‍ പ്രദര്‍ശിപ്പിക്കും. ഇതു നോക്കി ബസ് യാത്രക്കാര്‍ക്ക് കണ്ടുപിടിക്കാം എന്നിങ്ങനെയായിരുന്നു പദ്ധതിയിലൂടെ ഉദ്ദേശിച്ചത്.
എന്നാല്‍ ഒരേ റൂട്ടില്‍ ഓടുന്ന ബസുകള്‍ക്ക് നമ്പര്‍ നല്‍കുന്നതില്‍ ആശങ്കയും നിലനിന്നിരുന്നു. ഇതിനെതിരേ ബസുടമകളും രംഗത്ത് വരികയും ചെയ്തിരുന്നു. ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം ബസ് സ്‌റ്റോപ്പുകളില്‍ സ്ഥാപിച്ച ഇത്തരം ബോര്‍ഡുകള്‍ പരസ്യബോര്‍ഡുകളാല്‍ മറയ്ക്കപ്പെടുകയും പിന്നീട് നശിക്കുകയുമായിരുന്നു. ഇതിനിടെ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നമ്പറുകള്‍ പല ബസുകളും ഒഴിവാക്കുകയും ചെയ്തതോടെ പരാജയം പൂര്‍ണമായി.
കണ്ണൂര്‍ സര്‍വകലാശാല മാനേജ്‌മെന്റ് പഠനവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ യുനീക് നമ്പറിങ് സിസ്റ്റം ഫോര്‍ ബസ് റൂട്ട്‌സ് (യു.എന്‍.എസ്.ബി.ആര്‍) സംവിധാനത്തിന്റെ ഭാഗമായാണ് കണ്ണൂരിലും കോഴിക്കോടും പദ്ധതി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."