കറന്‍സി പ്രതിസന്ധി രൂക്ഷം; ബാങ്കിങ് മേഖല വീണ്ടും സംഘര്‍ഷ ഭരിതമാകുന്നു
തൊടുപുഴ: ഒരിടവേളയ്ക്കുശേഷം കറന്‍സിക്ഷാമം വീണ്ടും രൂക്ഷമാകുന്നു. ഇത് ബാങ്കിങ് മേഖല വീണ്ടും സംഘര്‍ഷഭരിതമാക്കാന്‍ ഇടയാക്കുകയാണ്. ഇടപാടുകാര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് ബ്രാഞ്ചുകള്‍ ഷട്ടറിടേണ്ട അവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍ പറയുന്നു.
നൂറ് മുതല്‍ രണ്ടായിരം വരെയുള്ള വലിയ നോട്ടുകള്‍ ആര്‍.ബി.ഐ ബാങ്കുകളിലേക്ക് നല്‍കുന്നില്ല. പകരം പത്ത്, 20 എന്നിവയുടെ നോട്ടുകളും 50 രൂപയുടെ സോയില്‍ഡ് (പഴകിയ) നോട്ടുകളും ഇടപാടുകാര്‍ക്ക് നല്‍കിയാണ് ഇതുവരെ ബാങ്ക് ജീവനക്കാര്‍ പിടിച്ചുനിന്നത്. ട്രഷറികളിലേക്ക് നല്‍കുന്നതും ഈ നോട്ടുകളാണ്.
എന്നാല്‍, യഥേഷ്ടം വലിയ തുകയ്ക്കുള്ള നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ഇത് പിടിച്ചുവെച്ചിരിക്കുകയുമാണെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.
ബാങ്ക് മുഖേന ശമ്പളവും പെന്‍ഷനും കൈപ്പറ്റുന്നവരും ഇപ്പോള്‍ ബുദ്ധിമുട്ടിലായി. മുഴുവന്‍പേര്‍ക്കും പണം നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ല. വലിയ തുക പിന്‍വലിക്കാനെത്തുന്നവര്‍ 10 രൂപയുടെ നോട്ടുകെട്ടുകളായതിനാല്‍ വാങ്ങാതെ മടങ്ങുകയാണ്. ജനങ്ങള്‍ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ മടിക്കുന്നതാണ് കറന്‍സിക്ഷാമം കൂടുതല്‍ രൂക്ഷമാക്കുന്നതെന്ന് ബാങ്കധികൃതര്‍ പറയുന്നു.
പുതുതായി ഏര്‍പ്പെടുത്തിയ ബാങ്കിങ് നിബന്ധനകള്‍ പൊല്ലാപ്പാകുമെന്ന് ഭയന്ന് കച്ചവടക്കാരടക്കം പല ബിസിനസുകാരും പണം ബാങ്കില്‍അടയ്ക്കാതെ കൈവശം വെയ്ക്കുന്നു. ഇതുമൂലം കറന്‍സിയുടെ ക്രയവിക്രയം നടക്കുന്നില്ല.
പെട്രോള്‍ പമ്പുകളില്‍ നിന്നും മറ്റും അടയ്ക്കുന്ന രണ്ടായിരം അടക്കമുള്ള വലിയ നോട്ടുകള്‍ എ.ടി.എം നിറയ്ക്കുന്നതിനാണിപ്പോള്‍ വിനിയോഗിക്കുന്നത്. നിലവില്‍ പല എ.ടി.എമ്മുകളും പണമില്ലാതെ കാലിയാണ്. 10, 20, 50 നോട്ടുകള്‍ എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള സംവിധാനവുമില്ല. ഇടപാടുകാര്‍ രണ്ടുലക്ഷം രൂപ വീതം ഓരോ ദിവസവും പിന്‍വലിച്ചുകൊണ്ടുപോകുന്നതല്ലാതെ തിരികെ ബാങ്കില്‍ എണം എത്തുന്നില്ല. അടുത്ത ദിവസം മുതല്‍ പത്തു രൂപയുടെ നാണയങ്ങള്‍ ബാങ്ക് കൗണ്ടറുകളിലൂടെ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. ചാക്കുകളില്‍ നല്‍കുന്ന നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി ഇടപാടുകാര്‍ക്ക് നല്‍കുകയെന്നത് ദുഷ്‌കരമാവും. തൊടുപുഴയിലെ പഴയ എസ്.ബി.ടി മെയിന്‍ ബ്രാഞ്ചില്‍ നിന്നാണ് 11 ബ്രാഞ്ചുകളിലേക്കും കല്ലൂര്‍ക്കാട്, കരിമണ്ണൂര്‍, തൊടുപുഴ സബ് ട്രഷറികളിലേയ്ക്കും പണം നല്‍കുന്നത്.
തൊടുപുഴ സബ് ട്രഷറിയിലേയ്ക്ക് വെള്ളിയാഴ്ച നല്‍കിയത് 70 ലക്ഷം രൂപയാണ്. ഇത് രണ്ടു ചാക്കുകളില്‍ ചുമന്നാണ് ജീവനക്കാര്‍ ട്രഷറിയില്‍ എത്തിച്ചത്. ബാങ്കില്‍ നിന്ന് പണം ലഭിക്കാനുള്ള താമസം മൂലം 11 നു ശേഷമാണ് ട്രഷറിയില്‍ ഇടപാടുകള്‍ ആരംഭിക്കാനായതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."