ജി.വി രാജ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധ: വിദ്യാര്‍ഥികള്‍ ആശുപത്രി വിട്ടു
തിരുവനന്തപുരം: മൈലം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 48 വിദ്യാര്‍ഥികള്‍ ആശുപത്രി വിട്ടു.
ഛര്‍ദിയും വയറുവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലുമായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ യഥാസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന പരാതിയില്‍ അരുവിക്കര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ അടിക്കടിയുണ്ടാകുന്ന ഭക്ഷ്യവിഷബാധയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനമോടിക്കാന്‍ ഡ്രൈവര്‍ ഇല്ലാത്തതാണ് കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതിന് കാരണമായി സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
ഇതിനിടെ ചികിത്സ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളെ രാവിലെ മുതല്‍ സിക്ക് റൂമില്‍ പൂട്ടിയിട്ടതായി രക്ഷിതാക്കള്‍ ആരോപിച്ചു. സിക്ക് റൂമില്‍ അടച്ച വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ക്ക് വീണ്ടും ഛര്‍ദി കൂടിയതിനെ തുടര്‍ന്ന് ഉച്ചയോടെ വീണ്ടും ആശുപത്രിയിലെത്തിച്ചെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
എന്നാല്‍, വിദ്യാര്‍ഥികളെ പൂട്ടിയിട്ടില്ലെന്ന് ഹോസ്റ്റല്‍ അധികൃതരും അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍നിന്ന് ചപ്പാത്തിയും ബീഫും കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഭക്ഷണം കഴിച്ചയുടന്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഇവിടുത്തെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ആകെ 283 കുട്ടികളാണ് ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."