മോര്‍ച്ചറികളില്‍ കിടക്കുന്ന മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും: റിയാദ് കെ.എം.സി.സി
റിയാദ്: റിയാദിലെയും പരിസര പ്രദേശത്തെയും ഇന്ത്യക്കാരുടെ മരണക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ദാറുസ്സലാം എന്ന ഉപസമിതി രൂപീകരിച്ചു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അന്‍പതോളം മൃതദേഹങ്ങളാണ് റിയാദിലെയും പരിസര പ്രദേശങ്ങളിലേയും മോര്‍ച്ചറികളിലുള്ളത്. പല വിധ കാരണങ്ങളാല്‍ മാസങ്ങളോളം മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കിടക്കുന്നത് ദയനീയമാണ്. സ്വാഭാവിക മരണം, ആത്മഹത്യ, അപകട മരണങ്ങള്‍ എന്നിങ്ങനെ മരണത്തിന്റെ സ്വഭാവമനുസരിച്ച് തയ്യാറാക്കേണ്ട രേഖകളും വ്യത്യസ്തമാണ്.സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച പതിനഞ്ചോളം വളണ്ടിയര്‍മാരാണ് ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നത്. ജനറല്‍ കണ്‍വീനര്‍: നജീബ് നെല്ലംകണ്ടി, ജനറല്‍ കോര്‍ഡിനേറ്റര്‍: യു.പി ഇര്‍ഷാദ്, കോര്‍ഡിനേറ്റര്‍മാര്‍: മുസ്തഫ പൊന്നംകോഡ്, ഷുക്കൂര്‍ തിരുരങ്ങാടി, ഫദല്‍ അല്‍റയാന്‍, ബഷീര്‍ വല്ലാഞ്ചിറ, ഫൈസല്‍ ചേളാരി, മഹബൂബ്, സമീര്‍ വെട്ടം, മുസ്തഫ മൂര്‍ക്കനാട്, ഷുക്കൂര്‍ വടക്കേമണ്ണ, ഷറഫു കണ്ണമംഗലം, ജാഫര്‍ കാളികാവ്, നജീബ് മമ്പാട് എന്നിവരാണ് സമിതി അംഗങ്ങള്‍.
ഒന്നോ രണ്ടോ പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് രേഖകള്‍ തയ്യാറാക്കി നാട്ടിലെത്തിച്ചിരുന്ന മൃതദേഹങ്ങള്‍ കോവിഡ് കാരണം യാത്രാ വിമാനങ്ങളില്ലാത്തതിനാല്‍ ദിവസങ്ങളോളം വൈകുന്ന സാഹചര്യമുണ്ട്. മനുഷ്യത്വം മരവിപ്പിക്കുന്ന കാഴ്ചകളാണ് പ്രവാസ ലോകം സാക്ഷ്യം വഹിക്കുന്നത്. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും കൂടെപ്പിറപ്പുകളുടെയും മരണം നേരില്‍ കണ്ട് വിറങ്ങലിക്കുന്നവര്‍ക്ക് ഏത് സാഹചര്യത്തെയും നേരിടാനുള്ള കരുത്തേകുകയാണ് ഈ പദ്ധതിയിലൂടെ ഉന്നം വെക്കുന്നത്. താല്‍ക്കാലികമായെങ്കിലും യാത്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതിനാല്‍ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. മയ്യിത്ത് പരിപാലനം, മരണാനന്തര നടപടിക്രമങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍, നഷ്ടപരിഹാരങ്ങള്‍ മറ്റു ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാം ഈ സമിതിക്ക് മുന്നില്‍ ചര്‍ച്ച ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."