കുട്ടികള്‍ക്ക് കണ്ണീരോടെ യാത്രാമൊഴി നല്കി നാട്
കരുനാഗപ്പള്ളി: വെള്ളത്തില്‍ മുങ്ങി മരിച്ച കുട്ടികള്‍ക്ക് നാട്ടുകാര്‍ കണ്ണീരോടെ യാത്രാമൊഴി നല്കി. ഞായറാഴ്ച വീടിനു സമീപം കളിക്കുന്നതിനിടയില്‍ പുഞ്ചയില്‍ വീണ് മുങ്ങി മരിച്ച പാവുമ്പ കാളിയന്ചന്ത എരോട്ട് പാലത്തിന് സമീപം തെക്കടത്ത് ( തേജസ് ) വീട്ടില്‍ ജോര്‍ജ് മാത്യൂ മിനി ജോര്‍ജ് ദമ്പതികളുടെ മകന് അഡോണ്‍ മാത്യൂ (6), പുത്തന്‍പുരയില്‍ സൈമണ്‍ വിജിസൈമണ് ദമ്പതികളുടെ മകന് നിബു (7) എന്നിവര്‍ക്കാണ് കണ്ണീരോടെ യാത്ര നല്‍കിയത്.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ പുഞ്ചയ്ക്ക് സമീപം കുട്ടികളുടെ ചെരുപ്പ് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും പുഞ്ചയില്‍ ഇറങ്ങി നോക്കിയപ്പോഴാണ് ചെളിയില്‍ താഴ്ന്ന നിലയില്‍ കുട്ടികളെ കണ്ടത്. ഉടന്‍ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം പാലമൂട് സൗമ്യ നഴ്സറി സ്കൂളിലും പാലമൂട് അമൃത യു.പി സ്കൂളിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിനാളുകള്‍ കുട്ടികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട കുട്ടികളുടെ വേര്‍പാട് എല്ലാവരെയും ദു:ഖത്തിലാക്കി. എം.എല്‍.എ ആര്. രാമചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, ജില്ലാ പഞ്ചായത്ത് മെംബര്‍ അനില്‍ എസ്. കല്ലേലിഭാഗം, വാര്‍ഡ് മെംബര്മാരടക്കം നൂറു കണക്കിനാണുകള് ആദരാഞ്ജലികളര്‍പ്പിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ പാവുമ്പ സെന്റ് മേരീസ് ദേവാലയത്തില്‍ സംസ്ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."