എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം: തീരുമാനം ലോക്ക് ഡൗണിന് ശേഷം
തിരുവനന്തപുരം: പൂര്‍ത്തീകരിച്ച എസ്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയം എന്ന് ആരംഭിക്കണമെന്നത് ലോക്ക് ഡൗണിന് ശേഷം തീരുമാനിക്കും. ഈ മാസം 13ന് തന്നെ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം തുടങ്ങും. ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ സാധ്യമാകുന്ന അധ്യാപകര്‍ മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെത്തിയാല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന ഗുണമേന്മാ പരിശോധനാ സമിതി (ക്യു.ഐ.പി) യോഗത്തില്‍ തീരുമാനമായി.
ലോക്ക് ഡൗണ്‍ മെയ് 17ന് അവസാനിക്കുകയും പരീക്ഷ നടത്താന്‍ കേന്ദ്രാനുമതി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള തിയതികളില്‍ (മെയ് 21നും 29നും ഇടയ്ക്ക്) ബാക്കിയുള്ള എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടത്താനാകും. ഡി.എല്‍.എഡ് പരീക്ഷ ജൂണ്‍ ആദ്യം നടത്താനാവുമോയെന്ന് പരിശോധിക്കും.
നിലവില്‍ കൊവിഡ് സെന്ററായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തില്ല. പകരം അനുയോജ്യമായ മറ്റ് കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും.
കൊവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ 14 ദിവസം ക്വാറന്റൈന് വിധേയമാകേണ്ടതിനാല്‍ നിലവില്‍ ഈ ഉത്തരവാദിത്തം നിറവേറ്റുന്ന ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് പകരം എല്‍.പി, യു.പി അധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."