പാളിച്ച തിരിച്ചറിഞ്ഞു, റെഡ് സോണില്‍നിന്ന് വന്നവരെ കണ്ടെത്താന്‍ അധികൃതരുടെ നെട്ടോട്ടം
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണില്‍നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധന നടപ്പിലാക്കാന്‍ അധികൃതരുടെ നെട്ടോട്ടം.
റെഡ് സോണില്‍നിന്ന് വരുന്നവര്‍ അവരുടെ ജില്ലയിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തില്‍ എത്തണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍, സ്വന്തമായി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്താന്‍ പലരും വിമുഖത കാണിച്ചത് അധികൃതര്‍ക്ക് തലവേദനയായി.
ഈ മാസം നാല് മുതലാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്. ഇതുവരെ എത്തിയ 16,385 പേരില്‍ 8,912 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകള്‍. ഇവരില്‍ കഴിഞ്ഞ ദിവസമെത്തിയ 3,216 പേരെ മാത്രമാണ് കൃത്യസമയത്തു തന്നെ ക്വാറന്റൈനിലേക്ക് മാറ്റാന്‍ കഴിഞ്ഞത്. ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. കണ്ടെത്തിയവരെയൊക്കെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്. എത്രപേരെ ഇതുവരെ കണ്ടെത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രവേശനാനുമതി നല്‍കി രണ്ടുദിവസത്തിനു ശേഷമാണ് അധികൃതര്‍ പാളിച്ച തിരിച്ചറിഞ്ഞത്. ഇപ്പോള്‍ റെഡ് സോണില്‍ എത്തുന്നവരെ ചെക്ക്‌പോസ്റ്റില്‍ വച്ചുതന്നെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
അതേസമയം, പ്രവേശനാനുമതിക്കുള്ള പാസ് വിതരണം നിര്‍ത്തിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാസ് വിതരണം ക്രമവല്‍ക്കരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിര്‍ത്തി കടക്കുന്നവര്‍ കൃത്യമായ പരിശോധനയില്ലാതെ വരുന്നത് അനുവദിക്കില്ല. പാസുമായി വരുന്നവര്‍ എത്തുന്ന ജില്ലകള്‍ക്കും ഇവരെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."