കട്ടാങ്ങലില്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം
കട്ടാങ്ങല്‍: കട്ടാങ്ങലില്‍ മൊബൈല്‍ ഷോപ്പില്‍നിന്ന് മൊബൈല്‍ ഫോണുകളടക്കം 1,09,000 രൂപയുടെ സാധനങ്ങള്‍ നഷ്ടമായി. കെട്ടാങ്ങല്‍ മലയമ്മ റോഡില്‍ പ്രവര്‍ത്തിക്കുന്ന പുള്ളാവൂര്‍ സ്വദേശി നൗഷാദിന്റ മൊബൈല്‍ സ്റ്റോര്‍ കടയിലാണ് ചൊവാഴ്ച രാത്രി മോഷണം നടന്നത്.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയ ഷോപ്പില്‍ ഉണ്ടായിരുന്ന മൊബൈല്‍ അക്‌സസറീസ് മുഴുവന്‍ കള്ളന്‍ കൊണ്ടുപോയി.
കഴിഞ്ഞമാസം കട്ടാങ്ങലിലെ പെട്രോള്‍ പമ്പില്‍നിന്ന് തോക്ക് ചൂണ്ടി 108000 രൂപ കവര്‍ന്നിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുമ്പോഴാണ് ഇതേ അങ്ങാടിയില്‍ വീണ്ടും മോഷണം നടന്നിരിക്കുന്നത്. ചാത്തമംഗലം പഞ്ചായത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കള്ളന്‍മാരുടെ ശല്യം വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം മോഷ്ടാവെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പിറ്റേ ദിവസം വിട്ടയക്കുകയായിരുന്നു. മോഷണ ശല്യം വര്‍ധിച്ചതോടെ ചാത്തമംഗലത്തും പരിസരത്തും പൊലിസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. മോഷണം നടന്ന കടയുടെ സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. സി.സി.ടി.വിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."