കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ പൊലിസ് സ്റ്റേഷന്‍ മുറ്റം
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: കുട്ടികള്‍ക്ക് പോലീസിനോടുള്ള ഭയം മാറ്റി നല്ല സൗഹൃദം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ തുടങ്ങിവെച്ച ബാലസൗഹൃദകേന്ദ്രം കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിക്കുന്നു.
വിദേശീയര്‍ ഉള്‍പ്പെടെ ഒട്ടനവധി സന്ദര്‍ശകര്‍ വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ മാതൃകയാക്കിയാണ് കോട്ടയം ജില്ല പോലീസും ഇത്തരം ഒരു നീക്കത്തിന് കഴിഞ്ഞ ജനുവരിയില്‍ തുടക്കമിട്ടത്. ഏറ്റുമാനൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ മുറ്റത്ത് ആരംഭിച്ച കേന്ദ്രത്തിലേക്ക് സായാഹ്നങ്ങളിലും അവധിദിവസങ്ങളിലും ഒട്ടേറെ കുട്ടികള്‍ എത്തിതുടങ്ങിയതോടെ പദ്ധതി വിജയകരമായി മാറുകയായിരുന്നു. ധാരാളം കുട്ടികള്‍ കളിക്കാന്‍ എത്തുന്നുണ്ടെങ്കിലും സ്ഥലപരിമിതി ഇവിടെ വലിയ പ്രശ്‌നമാണ്. ഏറ്റുമാനൂരില്‍ ജനമൈത്രി കേന്ദ്രത്തിനായി നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ മുറ്റത്താണ് കുട്ടികള്‍ക്കായി മിനി പാര്‍ക്ക് ആരംഭിച്ചത്. പക്ഷെ ജനുവരിയില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ഏതാനും റൈഡറുകള്‍ മാത്രമാണ് ഈ ചെറിയ പാര്‍ക്കില്‍ ഉണ്ടായിരുന്നത്. ടേബിള്‍ ടെന്നീസ്, ബാസ്‌ക്കറ്റ് ബോള്‍, സ്വിങ്, സ്ലൈഡ്, ട്രമ്പോളിന്‍ തുടങ്ങിയ കായിക വിനോദ സൗകര്യങ്ങള്‍ പിന്നീട് കെട്ടിടത്തിനുള്ളിലും വെളിയിലുമായി സജ്ജമാക്കി. സ്റ്റേഷന്‍ മുറ്റത്ത് ടൈല്‍ പാകുന്ന ജോലി മഴയ്ക്കു ശേഷമേ ആരംഭിക്കാനാവു.
ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തങ്ങളുടെ കുട്ടികളെ കൂടാതെ പുറത്ത് നിന്ന് ധാരാളം കുട്ടികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം ഇവിടെ എത്താറുണ്ടെന്ന് പോലീസ് പറയുന്നു.കെട്ടിടങ്ങളുടെ ചുമരില്‍ കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വരിച്ചിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രാഥമിക വികസന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രത്തില്‍ നടത്തിയിരിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ കുട്ടികളുടെ വിജ്ഞാനവര്‍ധനയ്ക്കായി നല്ലൊരു ലൈബ്രറിയും വായനശാലയും ഒരുക്കും. വാരാന്ത്യങ്ങളില്‍ വിവിധ പിശീലന പരിപാടികളും മത്സരങ്ങളും കുട്ടികള്‍ക്കായി കേന്ദ്രത്തില്‍ സംഘടിപ്പിക്കും. മാതാപിതാക്കളുടെ നോട്ട കുറവുമൂലം തെറ്റായ വഴികളിലേക്കു തിരിയുന്ന കുട്ടികളെ നേരായ വഴികാട്ടുന്നതിനും കുട്ടി കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുന്നതിനുമാണ് ബാലസൗഹൃദ കേന്ദ്രം ലക്ഷ്യമിടുന്നത്. ഭാവിയില്‍ നാടിനും സമൂഹത്തിനും ഗുണമുള്ളവരാകുന്നതിനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കൈയില്‍ ഇവര്‍ എത്താതിരിക്കുന്നതിനുമുള്ള നടപടിയായാണ് ബാലസൗഹൃദ കേന്ദ്രം സ്ഥാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."