ചെല്ലാനത്തെ കടലാക്രമണം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ വിലയിരുത്തി
പള്ളുരുത്തി: ചെല്ലാനത്ത് ശക്തമായ കടലാക്രമണമുണ്ടായ സ്ഥലങ്ങളില്‍ ഇറിഗേഷന്‍ വകുപ്പ് നടത്തിയ താല്‍ക്കാലിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ള മറുവക്കാട്, ബസ്സാര്‍, വേളാങ്കണ്ണി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഓഖിയെ തുടര്‍ന്ന് ഉണ്ടായ കടല്‍കയറ്റത്തില്‍ ചെല്ലാനത്തിന്റെ തീരപ്രദേശങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുയും രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതോടെ ജനങ്ങള്‍ നടത്തിയ ശക്തമായ സമരത്തെ തുടര്‍ന്ന് കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങില്‍ 8 കോടി രൂപയുടെ ജിയോ ട്യൂബ് ഉള്‍പ്പെടെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും മഴക്കാലമെത്തും മുന്‍പ് പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ പോലും കിഞ്ഞില്ല.
മെയ്മാസം അവസാന ദിവസങ്ങളില്‍ കടല്‍കയറ്റം ശക്തമായ തോടെ നാട്ടുകാര്‍ വീണ്ടും തീരദേശ ഹര്‍ത്തലുള്‍പ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് മെയ് 29ന് കലക്ടര്‍ സമരസമിതിയുമായി വീണ്ടും ചര്‍ച്ച നടത്തുകയും അടിയന്തിര പ്രതിരോധ നടപടികളെന്ന നിലയില്‍ ജിയോടെക്‌സ്‌റ്റൈല്‍ ബാഗുകള്‍ ഉപയോഗിച്ച് കടല്‍കയറ്റം ശക്തമായ ഇടങ്ങളില്‍ മണല്‍ വാട നിര്‍മ്മിക്കുന്നതിനും കടല്‍ വെള്ളം ഒഴുകി പോകുന്നതിന് ഉപ്പത്തക്കാട് തോടും വിജയന്‍ കനാലും ആഴം വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു.
എന്നാല്‍ ആയിരം ജിയോ ബാഗുകള്‍ ആവശ്യമായിരിക്കെ വെറും 250 എണ്ണം മാത്രമാണ് ഇവിടെ എത്തി ചേര്‍ന്നത്. ഉപ്പത്ത കാട് തോടിന്റ ആഴം വര്‍ധിപ്പികുന്ന പ്രവര്‍ത്തികള്‍ ബസ്സാറിലും കമ്പിനിപ്പടിയിലും ഭാഗികമായി മാത്രമാണ് നടന്നട്ടുള്ളത്. വിജയം കനാല്‍ ഇപ്പോഴും മണ്ണടിഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. കലക്ടറേയും ആര്‍.ഡി.ഒ അടക്കമുള്ള ഉദ്യോഗസ്ഥരേയും സമരസമിതി നേതാക്കള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
മണല്‍ വാരല്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് ചെയ്തിരുന്നതു പോലെ മണല്‍ വരാന്‍ പ്രദേശവാസികളായ തൊഴിലാളികള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രത്യേക പാസുകള്‍ നല്‍കിയാല്‍ മണല്‍തിട്ട എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
ആവശ്യമായ നടപടികളെടുക്കാന്‍ ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒയ്ക്കും ഇറിഗേഷന്‍ എക്‌സി.ഇന്‍ജിനീയര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ ഷീലാ ദേവി, തഹസില്‍ദാര്‍ അംബ്രോസ്, വില്ലേജ് ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും, പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ടി.എ ഡാല്‍ ഫിന്‍, സമിതി അംഗങ്ങളായ ഫാ. മൈക്കിള്‍ പുന്നക്കല്‍, ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ജെര്‍വിന്‍ ജോസഫ്, ജിന്‍സന്‍ വെളുത്ത മണ്ണുങ്കല്‍, നോബി അരിവീട്ടില്‍, പി.ജെ ആംസ്‌ട്രോങ്ങ്, ഷിബു മച്ചിങ്കല്‍ തുടങ്ങിയവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."