നെല്‍കൃഷിയില്‍ ഒബ്‌ളോങ് നടീല്‍രീതി പരീക്ഷിച്ച് മുതലമടയിലെ കര്‍ഷകര്‍
പാലക്കാട്: പരമ്പരാഗത സമ്പ്രദായത്തില്‍നിന്നു വ്യത്യസ്തത പുലര്‍ത്തുന്ന ഒറ്റ ഞാര്‍ (എസ്.ആര്‍.ഐ) കൃഷിരീതിയില്‍നിന്നു രൂപകല്‍പന ചെയ്‌തെടുത്ത ഒബ്‌ളോങ് എസ്.ആര്‍.ഐ രീതി മുതലമടയില്‍ പരീക്ഷിക്കുന്നു. കുറഞ്ഞചെലവില്‍ കൂടുതല്‍ വിളവുല്‍പ്പാദനം, വിത്തിന്റെ അളവ്, ഞാറിന്റെ പ്രായം, എണ്ണം, നടീല്‍ അകലം, ജലനിയന്ത്രണം എന്നീ കാര്യങ്ങളില്‍ ശാസ്ത്രീയമായി വ്യത്യസ്തത പുലര്‍ത്തുന്നതാണ് ഒബ്‌ളോങ് നടീല്‍രീതി.
പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ ലീഡ് ഫാര്‍മറായ മല്ലന്‍കുളയ് കലാധരന്റെ അര ഏക്കര്‍ പാടത്താണ് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിജ്ഞാന വ്യാപനപദ്ധതിയായ ലീഡ്‌സ് മുഖേന പരീക്ഷണ കൃഷിയിറക്കിയത്. ചൈനയിലെ സിച്ചാന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് അക്കാദമിയില്‍ വികസിപ്പിച്ചെടുത്ത ഈ രീതി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.ഷണ്‍മുഖ സുന്ദരം, ഡോ.രജ്ഞന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുതലമടയിലും പരീക്ഷിക്കുന്നത്.
ഞാറ്റടി തയാറാക്കി 15-20 ദിവസത്തിനുള്ളില്‍ ഞാറുകള്‍ പറിച്ച് ഏഴു സെന്റീമീറ്റര്‍ വശങ്ങളുള്ള ത്രികോണാകൃതിയില്‍ ഒരു നുരിയില്‍ ഞാറുകള്‍ നടുന്നു.
ഇത്തരം രണ്ട് നുരികള്‍ തമ്മില്‍ 35 സെ.മീ വീതമുള്ള വരികളുണ്ടാക്കി 40 സെ.മീ അകലം ഉണ്ടാക്കിയാണ് നടുന്നത്. നാടന്‍ ഇനമായ സുജാത വിത്താണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
നുരിയിലെ ഞാറുകളുടെ എണ്ണം കുറവും നുരികള്‍ തമ്മിലുള്ള അകലം കൂടുതലുമാകുന്നതുകൊണ്ട് തുടക്കത്തില്‍ പാടം ശുഷ്‌ക്കിച്ചിരിക്കുന്നതായി തോന്നുമെങ്കിലും ഒരുമാസത്തിനകം പാടം പച്ചപ്പണിയും. അതിശക്തമായ വേരുപടലത്തിന്റെ കരുത്തില്‍ കൂടുതല്‍ ചിനപ്പുപൊട്ടി എണ്ണവും കനവും കൂടുതലുള്ള കതിര്‍ക്കുലകളുണ്ടാകുന്നു.
വിത്ത്, വളം, വെള്ളം എന്നിവയെല്ലാം വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതിനാല്‍ പരമ്പരാഗത രീതിയെക്കാള്‍ ചെലവ് കുറച്ച് കൂടുതല്‍ വിളവ് ഒബ്‌ളോങ് എസ്.ആര്‍.ഐ കൃഷിയിലുടെ സാധ്യമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."