HOME
DETAILS
MAL
കേരളത്തിന്റെ അതിര്‍ത്തികളിലെ സ്ഥിതി ഗൗരവതരം: ചെന്നിത്തല
backup
May 10 2020 | 04:05 AM
തിരുവനന്തപുരം: കേരളത്തിന്റെ അതിര്‍ത്തികളിലെ സ്ഥിതി ഗൗരവതരമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാനം ഗൃഹപാഠം ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മലയാളികള്‍ക്ക് തിരികെവരാനുള്ള പാസ് വിതരണം രണ്ടുദിവസമായി മുടങ്ങിക്കിടക്കുകയാണ്. ഇത് എന്തിനെന്ന് വ്യക്തമാക്കുന്നില്ല. ട്രെയിന്‍ സര്‍വിസ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല. അതിര്‍ത്തിയിലുള്ളവരെ കൊണ്ടുവരാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി പ്രയാസമനുഭവിക്കുന്ന മലയാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം.
മറ്റ് സംസ്ഥാനങ്ങള്‍ ഇരുന്നൂറും മുന്നൂറും ബസുകള്‍ ഓടിച്ച് അവരുടെ ആളുകളെ എത്തിക്കുമ്പോള്‍ കേരളത്തിലെ ഒരു കെ.എസ്.ആര്‍.ടി.സി ബസ് പോലും ഇത്തരത്തില്‍ ഉപയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല. നൂറുകണക്കിന് ആളുകള്‍ അതിര്‍ത്തികളില്‍വന്ന് കാത്തുകിടക്കുകയാണ്. തീരുമാനമെടുക്കാനുള്ള ഉദ്യോഗസ്ഥരെ ആരെയും അതിര്‍ത്തികളില്‍ കാണാനില്ല. ബന്ധപ്പെട്ട ഒരു മന്ത്രി പോലും അതിര്‍ത്തികള്‍ സന്ദര്‍ശിച്ചിട്ടില്ല. ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പാസുകള്‍ നല്‍കണം. മലയാളികളെ തിരികെക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും വ്യക്തമായ ധാരണകള്‍ ഉണ്ടാകണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോര്‍ഡ് പണം നല്‍കിയത് ശരിയാണോയെന്ന് പരിശോധിക്കണം. ദേവസ്വം ബോര്‍ഡുകളെ സമ്മര്‍ദത്തിലാക്കി സര്‍ക്കാര്‍ പണം വാങ്ങുകയാണ്.
നിത്യചെലവുകള്‍ക്കുപോലും ബോര്‍ഡുകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണിത്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ കെ.പി.സി.സി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."