രണ്ടാം ഭാര്യയും ഗര്‍ഭസ്ഥശിശുവും കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ പൂര്‍ത്തിയായി വിധി 26ന്
കാസര്‍കോട്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ പൂര്‍ത്തിയായി. ഈ മാസം 26 നു പ്രതിക്കുള്ള ശിക്ഷ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) വിധിക്കും. ഉപ്പളയിലെ നഫീസത്ത് മിസിരിയ (21)യും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ പൂര്‍ത്തിയായത്.
2011 ആഗസ്ത് 7ന് പുലര്‍ച്ചെ 6 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭര്‍ത്താവ് അബ്ദുല്‍ റഹ്മാനോടൊപ്പം ഉപ്പള കണ്ണാംപെട്ടിയിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നഫീസത്ത് മിസ്‌രിയയുടെ ദേഹത്തേക്ക് അബ്ദുല്‍ റഹ്മാന്റെ ആദ്യ ഭാര്യയായ ഗോവ മിസ്‌രിയ എന്ന യുവതിയാണ് തുറന്നിട്ട ജനലിലൂടെ പെട്രോളൊഴിക്കുകയും തീപ്പെട്ടിയുരച്ച് ഇടുകയുമായിരുന്നുവെന്നാണ് കേസ്. ഇതേ തുടര്‍ന്ന് നഫീസത്ത് മിസ്‌രിയയുടെയും അബ്ദുല്‍ റഹ്മാന്റെയും ദേഹത്ത് തീ പടര്‍ന്നു. രണ്ടുപേരുടെയും നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ പൊള്ളലേറ്റ നിലയിലായിരുന്ന ദമ്പതികളെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തില്‍ 75 ശതമാനവും പൊള്ളലേറ്റ മിസ്‌രിയ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിന് മുമ്പ് നഫീസത്ത് മിസ്‌രിയ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗോവ മിസ്‌രിയക്കെതിരെ കൊലപാതക ശ്രമത്തിന് മഞ്ചേശ്വരം പൊലിസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നഫീസത്തുല്‍ മിസ്‌രിയ മരിച്ചതോടെ കൊലക്കുറ്റത്തിന് ഗോവ മിസ്‌രിയക്കെതിരെ പൊലിസ് കേസെടുത്തു. ആദ്യ ഭാര്യയായ ഗോവ മിസ്‌രിയയെയും മക്കളെയും ഉപേക്ഷിച്ച് അബ്ദുല്‍ റഹ്മാന്‍ നഫീസത്ത് മിസ്‌രിയയെ വിവാഹം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവ സമയത്ത് നഫീസത്ത് മിസ്‌രിയ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അന്നത്തെ കുമ്പള സി.ഐയായിരുന്ന യു. പ്രേമന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."