മരണസംഖ്യ: 30,000 കടന്ന് ഇറ്റലിയും
വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെ മുപ്പതിനായിരത്തിലേറെ പേര് മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയും. ഈ മൂന്ന് രാജ്യങ്ങളിലാണ് ലോകത്ത് നിലവില്‍ മുപ്പതിനായിരത്തിലേറെ പേര് മരിച്ചിരിക്കുന്നത്. അമേരിക്കയില്‍ 78,639 പേര് മരിക്കുകയും 13.23 ലക്ഷം പേര്‍ക്കു രോഗം ബാധിക്കുകയും ചെയ്തപ്പോള്‍ ബ്രിട്ടനില്‍ 31,241 പേര് മരിക്കുകയും 2.11 ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇറ്റലിയില്‍ 30,201 പേരാണ് മരിച്ചിരിക്കുന്നത്. ഇവിടെ 2.17 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്പെയിനില്‍ 26,478പേര് മരിക്കുകയും 2.6 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക, സ്പെയിന്, ഇറ്റലി, ബ്രിട്ടന് എന്നീ രാജ്യങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരിക്കുന്നത്.
അതേസമയം, കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2,77,784 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാല്പതു ലക്ഷം പിന്നിട്ടിട്ടുണ്ട്. 40,52,902 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. ഇതില്‍ 14.10 ലക്ഷം പേര് രോഗവിമുക്തരായിട്ടുണ്ട്. ലോകാരോഗ്യ സംഘടന നല്കുന്ന ഔദ്യോഗിക കണക്കുപ്രകാരം 2,65,862 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 38,55,812 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബ്രസീലിലും മരണസംഖ്യ പതിനായിരം പിന്നിട്ടു. മരണസംഖ്യ പതിനായിരം പിന്നിടുന്ന ആറാമത്തെ രാജ്യമാണ് ബ്രസീല്‍. 10,017 പേരാണ് ഇവിടെ മരിച്ചിരിക്കുന്നത്. റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ഒരാഴ്ച മുന്‍പ് ഇവിടെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനു താഴെയായിരുന്നത് ഇപ്പോള്‍ രണ്ടു ലക്ഷത്തോട് അടുത്തു. 1,98,676 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,827 പേര് മരിച്ചു. റഷ്യയെ കൂടാതെ ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, തുര്‍ക്കി, ഇറാന് എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്.ഫ്രാന്‍സില്‍ 26,230, ജര്‍മനിയില്‍ 7,510, തുര്‍ക്കിയില്‍ 3,689, ഇറാനില്‍ 6,589, ചൈനയില്‍ 4,633, കാനഡയില്‍ 4,569, പെറുവില്‍ 1,714, ബെല്‍ജിയത്തില്‍ 8,581, നെതര്‍ലാന്‍ഡ്സില്‍ 5,422, മെക്സിക്കോയില്‍ 3,160, സ്വിറ്റ്സര്‍ലാന്‍ഡില്‍ 1,823, ഇക്വഡോറില്‍ 1,704, പോര്‍ച്ചുഗലില്‍ 1,126, അയര്‍ലാന്‍ഡില്‍ 1,429 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയ്ക്കൊപ്പം ഈ രാജ്യങ്ങളിലാണ് ആയിരത്തിലേറെ പേര് മരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."