പുഴയില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യം പകര്‍ച്ചവ്യാധി ഭീഷണിയില്‍ കരുവഞ്ചാല്‍
ആലക്കോട്: കരുവഞ്ചാല്‍ പുഴയില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയതോടെ പ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയിലായി. ടൗണിലെ ഓവുചാലുകളില്‍ നിന്നുള്ള മാലിന്യമാണ് വേനല്‍ഴയില്‍ പുഴയിലെത്തിയത്.
നൂറുകണക്കിന് കുടുംബങ്ങള്‍ കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പുഴയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറായിട്ടില്ല.
രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശത്താണ് പുഴയിലെ നീരൊഴുക്ക് തടസപ്പെടുന്ന വിധത്തില്‍ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുന്നത്.
കരുവഞ്ചാല്‍ ടൗണിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ഓവുചാലിലേക്ക് തള്ളുന്നതാണ് ഇത്തരത്തില്‍ പുഴ മലിനമാകാന്‍ ഇടയാക്കുന്നത്. നടുവില്‍ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഒരുമാസം മുന്‍പ് നടത്തിയ ശുചീകരണത്തില്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ഈ പുഴയില്‍ നിന്ന് ശേഖരിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകാത്തതാണ് വീണ്ടും മാലിന്യം കുമിഞ്ഞുകൂടാന്‍ കാരണമാകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."