വാളയാറില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് മറുനാടന്‍ മലയാളികള്‍
സ്വന്തം ലേഖകന്‍
പാലക്കാട് : തമിഴ്‌നാട്,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുവന്ന നൂറുകണക്കിന് മറുനാടന്‍ മലയാളികള്‍ വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ എത്തിയവരെ ഇന്നലെ മുതല്‍ അതിര്‍ത്തിയില്‍ തന്നെ തടഞ്ഞു. കഴിഞ്ഞ നാലു ദിവസവും പേര് രജിസ്റ്റര്‍ ചെയ്യാതെ എത്തിയവരെ വൈകീട്ട് അഞ്ചിന് ശേഷം രജിസ്റ്റര്‍ ചെയ്ത് കടത്തി വിട്ടിരുന്നു.
ഈ വിവരമറിഞ്ഞ് ഇന്നലെ പേര് രജിസ്റ്റര്‍ ചെയ്യാതെ തന്നെ കൂടുതല്‍ പേര്‍ വാളയാര്‍ അതിര്‍ത്തിയില്‍ എത്തി.കൂടുതല്‍ പേരും തമിഴ്‌നാട്ടിലെ റെഡ്‌സോണില്‍ ഉള്ളവരാണ്. ഇവരെ കൂടുതല്‍ പരിശോധന നടത്താതെ കടത്തി വിട്ടാല്‍ പ്രശ്‌നമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂവായിരം ആളുകളെ കടത്തി വിട്ടിരുന്നു. ഇവരെയെല്ലാം പരിശോധിക്കാന്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്.
ഒരാളെ പരോശോധന നടത്തി പുറത്തേക്ക് വിടണമെങ്കില്‍ രണ്ട് മണിക്കൂര്‍ സമയം വേണ്ടിവരും. കേരളത്തിലെ എല്ലാ ജില്ലകളിലേക്കുമുള്ളവര്‍ വാളയാറില്‍ എത്തുന്നതും, പരിശോധന കഴിഞ്ഞു നാട്ടിലേക്ക് എത്തുന്നവര്‍ പലരും അതത് ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് പോകാതെ വീടുകളിലേക്ക് നേരിട്ട് പോകുന്നതും പ്രശ്‌നമായിട്ടുണ്ട്.
പേര് രജിസ്റ്റര്‍ ചെയ്യാതെ എത്തിയവര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതിനാല്‍ ഇവര്‍ക്ക് ഭക്ഷണമോ താമസസൗകര്യമോ ഒരുക്കി കൊടുക്കാനും അധികൃതര്‍ക്ക് കഴിയുന്നില്ല.
ഇവിടെ ഹോട്ടലുകളും ചായക്കടകളും കുറവായതിനാല്‍ ആവശ്യക്കാര്‍ക്കെല്ലാം ഭക്ഷണവും കിട്ടുന്നില്ല. ഇന്നലെ മുതല്‍ ഹെല്‍പ് ഡസ്‌ക്ക് സേവനം നിര്‍ത്തിവയ്ക്കുകയും ചെയ്തു.
പേര് രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവര്‍ക്ക് കഴിഞ്ഞ നാല് ദിവസം ഹെല്‍പ് ഡെസ്‌ക് സഹായകരമായിരുന്നു. ഇന്നലെ മുതല്‍ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഹെല്‍പ് ഡെസ്‌ക്ക് അടപ്പിച്ചത്.
ഇതോടെ കുടുങ്ങിയത് സര്‍ക്കാര്‍ വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാതെ എത്തിയവരാണ്. ഇവര്‍ക്ക് തമിഴ്‌നാട്ടിലേക്ക് തിരിച്ചു പോകാനും, കേരളത്തിലേക്ക് വരാനും കഴിയാതെ പെരുവഴിയിലായിരിക്കുകയാണ്.
കൈകുഞ്ഞുങ്ങളും പ്രായമേറെയുള്ളവരും ഇവരോടൊപ്പമുണ്ട്. ഇതിനിടെ പാലക്കാട് ജില്ലാ കലക്ടര്‍ തമിഴ്‌നാട് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവിടെനിന്ന് ലഭിക്കുന്ന തീരുമാനം അനുസരിച്ചുമാത്രമേ അതിര്‍ത്തിയില്‍ കുടുങ്ങിയവരെ എന്തു ചെയ്യണമെന്ന് തീരുമാനിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."