പ്രതിഷേധം ഫലിച്ചു: കുട്ടികളെ വേര്‍പെടുത്തുന്ന നയം ട്രംപ് ഉപേക്ഷിച്ചു
വാഷിങ്ടണ്‍: സ്വന്തം ഭാര്യയും മകളും ഉള്‍പ്പെടെ ലോകജനതയുടെ പ്രതിഷേധത്തിന് കീഴടങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവാദ കുടിയേറ്റ തീരുമാനം പിന്‍വലിച്ചു.
'സീറോ ടോളറന്‍സ് ' നയം പിന്‍വലിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.
അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുകയാണെന്നും എന്നാല്‍ കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതായും ട്രംപ് പറഞ്ഞു. കുടുംബങ്ങള്‍ വേര്‍പിരിഞ്ഞ അവസ്ഥ കാണാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മെക്‌സിക്കന്‍ അതിര്‍ത്തി വഴി മതിയായ രേഖകളില്ലാതെ യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരെ ജയിലിലടയ്ക്കുകയും അവരുടെ കുഞ്ഞുങ്ങളെ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലാക്കുകയും ചെയ്യുന്നതായിരുന്നു ട്രംപിന്റെ വിവാദ നയം. 2300 ഓളം കുഞ്ഞുങ്ങളാണ് വ്യത്യസ്ത സംരക്ഷണ കേന്ദ്രങ്ങളിലുള്ളത്.
ഇതിനെതിരേ ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക ട്രംപ്, പോപ്പ്, യു.എന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി പ്രമുഖരും പൊതുജനങ്ങളും രംഗത്തെത്തിയിരുന്നു.
യു.എസിനെ കുടിയേറ്റ ക്യാംപായി മാറ്റാനാവില്ലെന്ന തീരുമാനവുമായി മുന്നോട്ടുപോവുകയാണെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷെ തന്റെ പാര്‍ട്ടിക്കാരില്‍ നിന്നുള്‍പ്പെടെ നിരന്തര സമ്മര്‍ദമുണ്ടായതാണ് ട്രംപിന്റെ പിന്‍മാറ്റത്തിന് കാരണം.
വിവാദ ബില്ല് പിന്‍വലിക്കാന്‍ ട്രംപ് ഒപ്പിട്ടെങ്കിലും അനധികൃത കുടിയേറ്റത്തിന് കസ്റ്റഡയിലെടുത്തവരെ ഉടന്‍ മോചിപ്പിക്കുമോയെന്ന് വ്യക്തമല്ല.
ബില്ലില്‍ ട്രംപ് ഒപ്പിട്ടത് കുട്ടികളെയും രക്ഷിതാക്കളെയും മോചിപ്പിക്കുന്നതിന് കാരണമാവുന്നില്ലെന്നും അനധികൃതമായി രാജ്യത്ത് കടന്നെന്ന കുറ്റം ഇവര്‍ക്കെതിരേ നിലനില്‍ക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."