ബഹ്‌റൈനിലെ റെസ്റ്റോറന്റുകളില്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് ചാര്‍ജ്ജുകള്‍ ഈടാക്കാന്‍ പാടില്ല
മനാമ: റസ്റ്റോറന്റുകളില്‍ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ പാടില്ലെന്ന നിയമം ഞായറാഴ്ച മുതല്‍ ബഹ്‌റൈനില്‍ നിലവില്‍ വരും. ബഹ്‌റൈനിലെ ഉപഭോക്തൃ സംരക്ഷണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച അന്തിമ ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.
ചില റസ്റ്റോറന്റുകള്‍ വ്യത്യസ്ത നിരക്കില്‍ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ മൊത്തം ബില്ലിന്റെ 25 ശതമാനം വരെ ഈയിനത്തില്‍ ഉള്‍പ്പെടുത്തുന്നതായി ആക്ഷേപവുമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വ്വിസ് ചാര്‍ജ്ജ് ഒഴിവാക്കാനുള്ള ഉത്തരവ് അധികൃതര്‍ പുറപ്പെടുവിച്ചത്. സര്‍വീസ് ചാര്‍ജ്ജുകള്‍ ഒഴിവാകുന്നതോടെ ഭക്ഷണത്തിന്റെ നിരക്കിലും വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഹോട്ടലുകള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഈ നിയമം ബാധകമല്ല. എങ്കിലും ഇത്തരം സ്ഥാപനങ്ങളടക്കമുള്ള നിയമത്തിന്റെ പരിധിയില്‍ വരുന്നതും അല്ലാത്തതുമായ എല്ലാ റെസ്റ്റോറന്റുകള്‍ക്ക് പുറത്തും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കുന്ന പോസ്റ്റര്‍ പതിച്ചിരിക്കണം. ഇതിനായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി അധ്യക്ഷന്‍ മജീദ് നാസിര്‍ ഷറഫ് അറിയിച്ചു.
കൂടാതെ നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ചക്ക് ശേഷവും അനധികൃതമായി സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതിയുണ്ടെങ്കില്‍ പൊതു ജനങ്ങള്‍ക്ക് 17007003 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. പരാതി ബോധ്യപ്പെടുന്ന പക്ഷം സ്ഥാപന ഉടമകളില്‍ നിന്നും 10,000 ദിനാര്‍ (ഏകദേശം 1,78,0000 രൂപയോളം) പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."