സെല്‍ഫ് ഗോള്‍ വിധിപറയുന്ന മത്സരങ്ങള്‍
ഫുട്‌ബോളിലെ ഗോളുകള്‍ക്ക് സന്തോഷത്തിന്റെയും തീരാദുഃഖത്തിന്റെയും പരിവേശമായിരിക്കും പലപ്പോഴും. ഗോള്‍ പിറക്കുമ്പോള്‍ വഴങ്ങിയ ടീമിന്റെ ദുഃഖം. അടിച്ച ടീമിന്റെ സന്തോഷത്തിമിര്‍പ്പ്. ഇതെല്ലാമാണ് ഫുട്‌ബോള്‍. എന്നാല്‍ വഴങ്ങുന്ന ഗോള്‍ സെല്‍ഫ് ഗോള്‍ കൂടി ആണെന്നറിയുന്നതോടെ ടീമിന്റെ ദുഃഖം ഇരട്ടിയാകും. മനസും ശരീരവും ഒരു പോലെ തളരും. പിന്നീടൊരു തിരിച്ചുവരവിന് സാധ്യമാകാത്ത വിധം ടീം സമ്മര്‍ദത്തിലേക്ക് ആഴ്ന്നിറങ്ങും.
80-90 മിനുട്ടുകള്‍ക്ക് ശേഷമുള്ള സെല്‍ഫ് ഗോളുകളുടെ കാര്യത്തെ കുറിച്ച് പറയുകയും വേണ്ട. ടീമിന് പിന്നീടൊരു തിരിച്ചുവരവിനെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. സെല്‍ഫ് ഗോളിന്റെ കാര്യത്തില്‍ പുതിയൊരു ചരിത്രം രചിക്കാനൊരുങ്ങുകയാണ് 2018 ലോകകപ്പ്. കാരണം ഇതുവരെ 22 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു സെല്‍ഫ് ഗോളുകളാണ് പിറന്നത്. എല്ലാ മത്സരത്തിലും പിറന്ന സെല്‍ഫ് ഗോളുകള്‍ ടീമുകളെ വല്ലാതെ ബാധിച്ചു. സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മത്സരത്തില്‍ 95-ാം മിനുട്ടില്‍ പിറന്ന സെല്‍ഫ് ഗോളിന്റെ പേരില്‍ മൊറോക്കോ അര്‍ഹിച്ചിരുന്ന ഒരു പോയിന്റും സമനിലയും നഷ്ടമാക്കി. ഫ്രാന്‍സും ആസ്‌ത്രേലിയയും തമ്മിലുള്ള മത്സരത്തിലും സെല്‍ഫ് ഗോള്‍ കാരണം അര്‍ഹിച്ചിരുന്ന സമനില നഷ്ടപ്പെട്ടു.
ആസ്‌ത്രേലിയയുടെ സെല്‍ഫ് ഗോള്‍ പിറന്നത് 80-ാം മിനുട്ടിലായിരുന്നു. ക്രൊയേഷ്യ- നൈജീരിയ മത്സരത്തില്‍ 32-ാം മിനുട്ടില്‍ പിറന്ന സെല്‍ഫ് ഗോളിന്റെ പിന്‍ബലത്തില്‍ രണ്ട് ഗോളിനാണ് ക്രൊയേഷ്യക്ക് ജയിക്കാനായത്. പോളണ്ട് -സെനഗല്‍ മത്സരത്തിലും പോളണ്ടിന്റെ സെല്‍ഫ് ഗോളാണ് സെനഗല്‍ ജയത്തിന് തുണയായത്. റഷ്യ- ഈജിപ്ത് മത്സരത്തിലും സെല്‍ഫ് ഗോള്‍ പിറന്നു. സെല്‍ഫ് ഗോളിന്റെ കാര്യത്തില്‍ റെക്കോര്‍ഡിലേക്കാണ് ഈ ലോകകപ്പ് കുതിച്ചു കൊണ്ടിരിക്കുന്നത്. 22 മത്സരങ്ങളില്‍ പതിനൊന്ന് ശതമാനം സെല്‍ഫ് ഗോളാണിപ്പോള്‍ പിറന്നിരിക്കുന്നത്. ഇത് എക്കാലത്തേയും റെക്കോര്‍ഡാണ്.
1998 ലോകകപ്പിലായിരുന്നു ഇതിനു മുമ്പ് റെക്കോര്‍ഡ് സെല്‍ഫ് ഗോളുകള്‍ പിറന്നത്. അന്ന് മത്സരങ്ങളുടെ 3.5 ശതമാനം മാത്രമായിരുന്നു സെല്‍ഫ് ഗോള്‍.
ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ 2017-18 സീസണിലായിരുന്നു പിന്നീട് ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോള്‍ പിറന്നത്. 3.5 ശതമാനമായിരുന്നു അന്നത്തെ കണക്ക്. എന്നാല്‍ ഈ കണക്കുകളെയെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് 2018 റഷ്യന്‍ ലോകകപ്പിലെ സെല്‍ഫ് ഗോളുകളുടെ കാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."