ബെയ്‌ലി പാലം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: അടൂര്‍ ഏനാത്ത് ബെയ്‌ലി പാലം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനു മുന്നോടിയായുള്ള മിനുക്കുപണികള്‍ അവസാന ഘട്ടത്തിലാണ്. പെയിന്റിങ് ഉള്‍പ്പെടെയുള്ള പണികള്‍ പാങ്ങോട് കരസേന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ പൂര്‍ത്തിയായി. അപ്രോച്ച് റോഡില്‍ കെ.എസ്.ടി.പി കൈവരികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. ദിശാബോര്‍ഡുകളും സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. കെ.എസ്.ടി.പിക്കു തന്നെയാണ് ബെയ്‌ലി പാലത്തലൂടെയുള്ള ഗതാഗതത്തിന്റെ നിയന്ത്രണം.
ഒരേ ദിശയിലേക്ക് ഒരു വാഹനം മാത്രമാണ് ഒരു സമയം പാലത്തിലൂടെ കടത്തിവിടുകയെന്ന് അധികൃതര്‍ അറിയിച്ചു. ബസുകളും 12 ടണ്ണില്‍ കൂടുതലുള്ള ഭാരവാഹനങ്ങളും പാലത്തില്‍ നിരോധിച്ചിട്ടുണ്ടെന്നും കെ.എസ്.ടി.പി അറിയിച്ചു.
ഉദ്ഘാടനത്തിനു മുന്നോടിയായി പാങ്ങോട് സേനാധികൃതര്‍ പാലം ശനിയാഴ്ച കെ.എസ്.ടി.പിക്ക് കൈമാറി. ഉച്ചയ്ക്കു പന്ത്രണ്ടോടെ പാങ്ങോട് സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സേനാ കമാന്‍ഡര്‍ മൈക്കിള്‍ എ.ജെ ഫെര്‍ണാണ്ടസിന്റെ സാന്നിധ്യത്തില്‍ പാലത്തിന്റെ നിര്‍മാണ ചുമതലയുള്ള മേജര്‍ അനുഷ് കോശി, കെ.എസ്.ടി.പി സുപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. ദീപുവിന് രേഖകള്‍ കൈമാറി. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ പി.കെ സതിശന്‍, കേണല്‍ മീരജ് മാത്തൂര്‍ പങ്കെടുത്തു.
14 മദ്രാസ് എന്‍ജിനീയറിങ് റെജിമെന്റ് ഗ്രൂപ്പിലെ അന്‍പത് സേനാംഗങ്ങളാണ് പാലം നിര്‍മിച്ചത്. ബലക്ഷയം സംഭവിച്ച പാലത്തിന്റെ അറ്റകുറ്റപണികളും അതിവേഗം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."