പൊതുപ്രവര്‍ത്തകരെ ജയില്‍ മോചിതരാക്കണം: സാംസ്‌കാരിക പ്രവര്‍ത്തകര്‍
കോഴിക്കോട്: ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തെ പിന്തുണക്കാനെത്തിയ നാല് പൊതുപ്രവര്‍ത്തകരെ ഗൂഢാലോചന ആരോപിച്ച് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ചത് ജനാധിപത്യ ക്രമത്തിന് നേരെയുള്ള ഭരണകൂട ആക്രമണമായി മാത്രമേ കരുതാനാകൂവെന്ന് സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സമരത്തെ പിന്തുണച്ചവര്‍ ജാമ്യമില്ലാതെ ജയിലില്‍ കിടക്കുന്ന ഓരോ നിമിഷവും ഈ സര്‍ക്കാര്‍ ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുകയാണെന്ന് മറക്കരുത്. പിടിവാശി ഉപേക്ഷിച്ച് ജിഷ്ണുവിന്റെ അമ്മയുടെയും സഹോദരിയുടേയും ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ അടിമുടി ജനാധിപത്യവല്‍ക്കരിക്കാനും സാമൂഹ്യ നിയന്ത്രണത്തിലാക്കാനുമുള്ള സമഗ്രമായ നിയമനിര്‍മാണത്തിന് സര്‍ക്കാരും പ്രതിപക്ഷവും യോജിച്ച് ഉടന്‍ തയാറാകണമെന്നും അവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
എം.ജി.എസ് നാരായണന്‍, എന്‍.എസ് മാധവന്‍, കെ. ജി ശങ്കരപിള്ള, സാറാ ജോസഫ്, പ്രൊ.ബി രാജീവ്, എം.എന്‍ കാരശ്ശേരി, ഡോ.ബാലമോഹന്‍ തമ്പി, കുരീപ്പുഴ ശ്രീകുമാര്‍, എന്‍.പ്രഭാകരന്‍, കല്‍പ്പറ്റ നാരായണന്‍, വി.ആര്‍ സുധീഷ്, പി.ഗീത, സന്തോഷ് എച്ചിക്കാനം, കെ.അജിത, സി.ആര്‍ പരമേശ്വരന്‍, മനോജ് കാന, എം.എ.റഹ്മാന്‍, വീരാന്‍ കുട്ടി, എം. എം സോമശേഖരന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ.ആസാദ്, കെ.സി ഉമേഷ്ബാബു, രാഘവന്‍ പയ്യനാട്, സതീഷ്.കെ സതീഷ്, ടി.പി രാജീവന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."