ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലും 10 നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലേക്കും ഡല്‍ഹി ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. അതേ സമയം ശ്രീനഗറില്‍ 6.5 ശതമാനം മാത്രമാണ് പോളിങ് രേഖപ്പെടുത്തിയത്.
മുന്‍ ജമ്മു കശ്മിര് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയാണ് ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ പ്രമുഖന്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി അംഗം താരിഖ് ഹമീദ് കാര ലോക്സഭാംഗത്വം രാജിവച്ചതിനെത്തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഡല്‍ഹിയിലെ രജൗരി ഗാര്ഡന്, ജാര്‍ഖണ്ഡിലെ സിതിപാരാ, കര്‍ണാടകത്തിലെ നഞ്ചന്‍കോട്, ഗുണ്ടില്‍പേട്ട്, രാജസ്ഥാനിലെ ധോല്‍പൂര്‍, പ.ബംഗാളിലെ കാന്തി ദക്ഷിണ്, മധ്യപ്രദേശിലെ ആത്തര്‍, ബന്ധവ്ഗഡ്, ഹിമാചല്‍പ്രദേശിലെ ഭോരാഞ്ച്, അസമിലെ ദേമാജി എന്നീ നിയമസഭാ മണ്ഡലത്തിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.
ഡല്‍ഹി രജൗരി ഗാര്ഡന് മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഈ മാസം നടക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ മുന്വിധിയായിട്ടാണ് കണക്കാക്കുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവായ ജര്‍ണയില്‍ സിങ് പഞ്ചാബ് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി രാജിവച്ചതോടെയാണ് രജൗരി ഗാര്‍ഡനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശീനഗര്‍ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഈ മാസം 15നും നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ 13നുമാണ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."