ചിതയെരിഞ്ഞടങ്ങും മുന്‍പേ അവര്‍ക്ക് കണ്ണീര്‍ പരീക്ഷ
പെരിയ (കാസര്‍കോട്): താങ്ങും തണലുമാകേണ്ട പ്രിയപ്പെട്ട കൂടപ്പിറപ്പുകളുടെ ചിതയെരിഞ്ഞടങ്ങും മുന്‍പേ, സങ്കടം അടക്കിപിടിച്ച് പരീക്ഷാഹാളിലേക്കെത്തേണ്ടി വന്ന കൊച്ചനുജത്തിമാര്‍ക്ക് ഇന്നലെ കണ്ണീര്‍ പരീക്ഷ. പെരിയ കല്ല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും സഹോദരിമാരാണ് ഇന്നലെ കണ്ണീര്‍ അടക്കിപ്പിടിച്ച് പരീക്ഷയെഴുതിയത്.
പരീക്ഷാഹാളില്‍ സങ്കടം കടിച്ചമര്‍ത്തി ഇവര്‍ പരീക്ഷയെഴുതുന്നത് കണ്ടുനിന്നവര്‍ക്കും സങ്കടം അടക്കാനായില്ല. പഠിക്കാന്‍ മിടുക്കരായ ഇരുവരേയും പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണമെന്നായിരുന്നു ശരത്തിന്റെയും കൃപേഷിന്റെയും ആഗ്രഹം. അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കണമെന്ന ദൃഢനിശ്ചയത്തോടെ തന്നെയായിരുന്നു ഏട്ടന്മാരുടെ ചിത എരിഞ്ഞടങ്ങും മുന്‍പേ ശരത്തിന്റെ സഹോദരി അമൃതയും കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയും പരീക്ഷാ ഹാളിലെത്തിയത്.
ഇന്നലെ രാവിലെ പെരിയ അംബേദ്കര്‍ കോളജില്‍ ബിരുദ പരീക്ഷയെഴുതാന്‍ അമൃതയും പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതാന്‍ കൃഷ്ണപ്രിയയും എത്തിയപ്പോള്‍ ഇരുവരുടെയും സഹപാഠികള്‍ സമാശ്വാസവുമായി എത്തി. അംബേദ്കര്‍ കോളജില്‍ ബിരുദം അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് അമൃത. പഠിക്കാന്‍ മിടുക്കിയായ അമൃതയുടെ ഗുരുവും വഴികാട്ടിയും എന്‍ജിനീയറിംംങ് ബിരുദധാരിയുമായിരുന്ന ഏട്ടന്‍ ശരത്തായിരുന്നു. കൊല്ലപ്പെടുന്നതിന്റെ തലേദിവസം രാത്രി ഏറെ നേരം അമൃതക്ക് ശരത് പാഠങ്ങള്‍ പറഞ്ഞുകൊടുത്തു. പുലര്‍ച്ചെ അഞ്ചിന് നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ചും അമൃതക്ക് ഏട്ടന്‍ ട്യൂഷനും നല്‍കി. അമൃതയുടെ മാത്രമല്ല, മാതൃ സഹോദരി പുത്രിക്കും കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ ഉള്‍പ്പെടെയുള്ള മറ്റു വിദ്യാര്‍ഥിനികള്‍ക്കും ശരത്ത് ക്ലാസെടുക്കുമായിരുന്നു. പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷനല്‍ സര്‍വിസ് സ്‌കീം അംഗമായ കൃഷ്ണപ്രിയയും പഠിക്കാന്‍ ഏറെ മിടുക്കിയാണ്.
രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് പോളിടെക്‌നിക് പഠനം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന കൃപേഷിന്റെ സ്വപ്‌നവും അനുജത്തി കൃഷ്ണപ്രിയയുടെ പഠനമായിരുന്നു. ഏട്ടന്മാരുടെ ഓര്‍മയില്‍ വിങ്ങിപ്പൊട്ടുന്ന മനസുമായാണ് അമൃതയും കൃഷ്ണപ്രിയയും പരീക്ഷയെഴുതാനെത്തിയത്. ഇരുവരും കൊല്ലപ്പെട്ട ശേഷം വീട്ടിലെത്തിയവരെല്ലാം ഇവരോട് പഠനം തുടരണമെന്നും പരീക്ഷ എഴുതണമെന്നും സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചിരുന്നു.
പെരിയ അംബേദ്കര്‍ കോളജിലെ അമൃതയുടെ പഠനം പൂര്‍ണമായും കോളജ് ചെയര്‍മാന്‍ മെട്രോ മുഹമ്മദ്ഹാജി സൗജന്യമാക്കുകയും ചെയ്തിരുന്നു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കാനുള്ള സന്നദ്ധത കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പാലക്കി സി. കുഞ്ഞാമദ് ഹാജി വീട്ടിലെത്തി അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."